വീസ്മാനിൽ മിസൈൽ വീണത് ഇസ്രായേലിന് കനത്ത പ്രഹരം
text_fieldsഇറാൻ മിസൈൽ ആക്രമണത്തിൽ തകർന്ന വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സയൻസ് കെട്ടിടത്തിനരികെ ഇസ്രായേലി ശാസ്ത്രജ്ഞൻ പ്രഫ. ഇലാദ് സാഹോർ
തെൽ അവീവ്: ഇസ്രായേലിന്റെ ശാസ്ത്രഹൃദയവും സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവുമായ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ആക്രമിച്ച് തകർത്തതിലൂടെ ഇറാൻ ഇസ്രായേലിന് ഏൽപിച്ചത് കനത്ത പ്രഹരം. ആരും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെങ്കിലും ലാബ് കെട്ടിടങ്ങൾ കത്തിനശിച്ചത് വർഷങ്ങളുടെ ഗവേഷണത്തെയാണ് പ്രതിസന്ധിയിലാക്കിയത്. ശാസ്ത്രജ്ഞർക്ക് അപായമില്ലാത്തതിനാൽ സംഘർഷം അവസാനിച്ചാൽ സ്ഥാപനം പുനഃസ്ഥാപിക്കാനും ഗവേഷണം തുടരാനും ഇസ്രായേലിന് കഴിയും.
എന്നാൽ, യുദ്ധത്തിന്റെ ആദ്യ ദിനങ്ങളിൽ ഇസ്രായേലിന്റെ അഭിമാന സ്തംഭത്തിന് മുറിവേൽപിക്കാൻ കഴിഞ്ഞത് ഇറാന്റെ ധാർമിക വിജയമാണ്. ഇസ്രായേലിന്റെ ശാസ്ത്രമേഖലയുടെ കിരീടത്തിന് പരിക്കേൽപിക്കാൻ ഇറാന് കഴിഞ്ഞതായി വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മോളിക്യുലാർ സെൽ ബയോളജി വകുപ്പിലെ പ്രഫസർ ഓറെൻ ഷൽദിനെ പറഞ്ഞു.
ഇസ്രായേലിന്റെ ‘ടെക് ബ്രെയിൻ’ എന്നറിയപ്പെടുന്ന വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രമാണ്. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങി വിവിധ മേഖലകളിലായി 2,500ലധികം ഗവേഷകരും ജീവനക്കാരും കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിരക്കണക്കിന് ശാസ്ത്രപ്രതിഭകള്‍ പഠനം നടത്തിയിരുന്ന കേന്ദ്രത്തിൽ 30ലധികം അത്യാധുനിക ലാബുകൾ, വിപുലമായ ലൈബ്രറി, താമസ-പഠന സൗകര്യങ്ങള്‍ എന്നിവയുണ്ട്. ഇസ്രായേൽ സൈന്യത്തിനായി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും ഗവേഷണം നടത്തുന്നതിലും വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവന ശ്രദ്ധേയമാണ്.
ഇസ്രായേല്‍ പ്രതിരോധസേനയുടെ കരുത്തായ പല നൂതന സങ്കേതങ്ങളും ആയുധങ്ങളുമെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വികസിപ്പിച്ചതാണ്. ഡ്രോണ്‍ ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി, ബയോ-ഇന്‍സ്പയേര്‍ഡ് മെറ്റീരിയല്‍, യുദ്ധരംഗത്തെ നിർമിത ബുദ്ധി, യുദ്ധരംഗത്തെ എന്‍ക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങള്‍, നൂതന ആയുധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിക്കുന്നുണ്ട്. ആണവ ഗവേഷണത്തെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിരോധ ഉപകരണ കമ്പനിയായ എൽബിറ്റ് സിസ്റ്റംസിന് വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന പിന്തുണ ശ്രദ്ധേയമാണ്.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പുറത്തിറങ്ങിയ പലരും ഇസ്രായേല്‍ ആയുധനിര്‍മാണ രംഗത്ത് നേതൃസ്ഥാനങ്ങളിലുണ്ട്. തെക്കന്‍ തെല്‍ അവീവിലെ റെഹോവോത്തില്‍ സ്ഥിതി ചെയ്യുന്ന വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് ജൈവ രസതന്ത്രജ്ഞനും സയണിസ്റ്റ് നേതാവും കൂടിയായ പ്രഥമ ഇസ്രായേല്‍ പ്രസിഡന്റ് ചൈം വീസ്മാന് 1934ല്‍ സ്ഥാപിച്ചതാണ്. ഡാനിയേല്‍ സെയ്ഫ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നായിരുന്നു ആദ്യത്തെ പേര്. 1949ല്‍ ഇസ്രായേലിന്റെ പ്രഥമ പ്രസിഡന്റായി വീസ്മാൻ അധികാരമേറ്റതിനു പിന്നാലെയാണ് അദ്ദേഹത്തോടുള്ള ആദരവായി പേര് മാറ്റുന്നത്.
തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ആക്രമിച്ചതെന്നാണ് ഇറാൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

