മാർക്ക് കാർണി സർക്കാർ ഒന്നാം വാർഷികത്തിൽ; ആഗോളതലത്തിൽ കൈയടി, ആഭ്യന്തര തലത്തിൽ ആശങ്ക
text_fieldsമാർക്ക് കാർണി
ടൊറന്റോ: ജസ്റ്റിൻ ട്രൂഡോക്ക് ശേഷം കാനഡയുടെ ഭരണനേതൃത്വം ഏറ്റെടുത്ത മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയാണ് കാർണി അധികാരത്തിലെത്തിയത്. ഒരു വർഷത്തെ ഭരണത്തിന് ശേഷം രാജ്യം നടത്തിയ സർവ്വേയിൽ സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്.
നോൺ-പാർട്ടിസൻ അംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (ARI) പുറത്തുവിട്ട സർവ്വേ പ്രകാരം കാനഡയിലെ ഭൂരിഭാഗം ജനങ്ങളും ഭരണത്തിൽ സംതൃപ്തരാണ്. കാനഡയുടെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ കാർണി സർക്കാർ വിജയിച്ചുവെന്ന് 64% പേർ വിശ്വസിക്കുന്നു. വ്യാപാര പങ്കാളികളെ വൈവിധ്യവൽക്കരിക്കുന്നതിൽ 57% പേരും, അമേരിക്കയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ 56% പേരും സംതൃപ്തി രേഖപ്പെടുത്തി.
വ്യാപാര വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ബന്ധം കാർണി സർക്കാർ പുതുക്കിപ്പണിതിരുന്നു. ഈ വർഷം അവസാനത്തോടെ ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഗോളതലത്തിൽ തിളങ്ങുമ്പോഴും രാജ്യത്തിനുള്ളിലെ വിലക്കയറ്റവും ഭവന പ്രതിസന്ധിയും സർക്കാരിന് വെല്ലുവിളിയാകുന്നുണ്ട്.
വീടുകളുടെ അമിതവില നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് 67% പേർ കരുതുന്നു. വർധിച്ചുവരുന്ന ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതിൽ 70% പേരും അതൃപ്തി രേഖപ്പെടുത്തി. രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് 42% പേർ വിശ്വസിക്കുമ്പോൾ, 34% പേർ മാത്രമാണ് ശരിയായ ദിശയിലാണെന്ന് അഭിപ്രായപ്പെട്ടത്.
2024ൽ ജസ്റ്റിൻ ട്രൂഡോയിൽ നിന്ന് പാർട്ടി നേതൃത്വം ഏറ്റെടുക്കുമ്പോൾ ലിബറൽ പാർട്ടി വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാൽ 2025 ഏപ്രിൽ 28ന് നടന്ന തെരഞ്ഞെടുപ്പിൽ 169 സീറ്റുകൾ നേടി കാർണി അധികാരം നിലനിർത്തി. നിലവിൽ അഞ്ച് എം.പിമാരുടെ കൂറുമാറ്റവും ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും വഴി 543 അംഗ സഭയിൽ 174 അംഗങ്ങളുമായി ലിബറൽ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
നിലവിൽ മാർക്ക് കാർണിക്ക് 58% ജനപിന്തുണയുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വർഷം ബാക്കിയുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ലിബറൽ പാർട്ടിക്ക് 42% പേരുടെ പിന്തുണയുണ്ട്. ഇത് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയേക്കാൾ ഏഴ് പോയിന്റ് കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

