‘എത്രയും പെട്ടെന്ന് ഇറാൻ വിടണം’; ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തര ജാഗ്രതാ നിർദേശം നൽകി. ഇറാനിലെ സുരക്ഷാ സാഹചര്യം അങ്ങേയറ്റം അനിശ്ചിതത്വത്തിലാണ്. അതിനാൽ, നിലവിലുള്ള വെടിനിർത്തൽ കാലയളവിൽത്തന്നെ പൗരന്മാർ മടങ്ങണമെന്ന് മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. യു.എസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഏതു നിമിഷവും സ്ഥിതിഗതികൾ മാറാൻ സാധ്യതയുള്ളതിനാലാണ് കടുത്ത നിർദേശം.
ഇന്ത്യയിലേക്കുളള മടക്ക യാത്രക്ക് എംബസി നിർദേശിക്കുന്ന സുരക്ഷിത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കർശന നിർദേശമുണ്ട്. എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും സജ്ജമാക്കിയിട്ടുണ്ട്. അയൽരാജ്യങ്ങളായ അർമേനിയ, അസർബൈജാൻ എന്നിവ വഴി 1,862 ഇന്ത്യക്കാരെ ഇതിനകം സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവരോട് സൈനിക കേന്ദ്രങ്ങളിൽ നിന്നും വൈദ്യുത നിലയങ്ങളിൽ നിന്നും അകന്നുനിൽക്കാനും ജാഗ്രത പാലിക്കാനും എംബസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

