Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാംനഈ എന്ന പേർഷ്യൻ...

ഖാംനഈ എന്ന പേർഷ്യൻ സിംഹം

text_fields
bookmark_border
Ayatollah Ali Khamenei
cancel
camera_alt

ആയത്തുല്ല അലി ഖാംനഈ

തെഹ്റാൻ: 1980കളിൽ രാജ്യത്തെ തകർത്തുകളഞ്ഞ യുദ്ധകാലത്ത് പ്രസിഡന്റ് പദവി അലങ്കരിച്ചും ശേഷം ഉപരോധങ്ങൾ വലച്ച നീണ്ട 36 വർഷം പരമോന്നത ആത്മീയ നേതാവെന്ന പദവി വഹിച്ചും ആധുനിക ഇറാനെ രൂപപ്പെടുത്തിയ നേതാവാണ് ആയത്തുല്ല അലി ഖാംനഈ. പാശ്ചാത്യർ കെട്ടിയേൽപിച്ച പാവ സർക്കാറിനെതിരെ പടനയിച്ച് തുടക്കം കുറിച്ച സമരജീവിതം അതേ വീറോടെ അവസാന നിമിഷംവരെ തുടർന്നാണ് മടക്കം. ഇറാനെയല്ല, നേതാവിനെതന്നെയാണ് ഒന്നാമതായി തങ്ങൾ ലക്ഷ്യമിടുന്നതെന്ന് യു.എസും ഇസ്രായേലും പരസ്യ പ്രഖ്യാപനം നടത്തിയിട്ടും ഒളിച്ചോടാതെ കർമനിരതനായി മടങ്ങുമ്പോൾ ഇറാനും ശിയാസമൂഹവും തേങ്ങുകയാണ്.

അസർബൈജാൻ വംശജനായ പ്രമുഖ നേതാവ് ജവാദ് ഖാംനഈയുടെയും ഖദീജ മീർദാമാദിയുടെയും മകനായി 1939ൽ വടക്കുകിഴക്കൻ ഇറാനിലെ ശിയാ വിശുദ്ധനഗരമായ മശ്ഹദിലാണ് ജനനം. വടക്കുപടിഞ്ഞാറൻ പട്ടണമായ തബ് രിസിലായിരുന്നു ആദ്യകാലം. പിന്നീട് മശ്ഹദിലേക്ക് കുടുംബം താമസം മാറി. നാലാംവയസ്സിൽ ഖുർആൻ പഠിച്ചുതുടങ്ങിയ അലി ഖാംനഈ ശൈഖ് ഹാശിം ഖസ്‍വീനിയടക്കം പണ്ഡിതരിൽനിന്ന് മതപഠനം നടത്തി. ഖുമ്മിൽ പഠനകാലത്താണ് ആയത്തുല്ല ഖുമൈനിയടക്കം നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നത്.

ഇറാൻ എണ്ണ വ്യവസായം ദേശസാത്കരിക്കാൻ ശ്രമിച്ച മുഹമ്മദ് മുസദ്ദിഖിനെ അട്ടിമറിച്ച് പാശ്ചാത്യ പിന്തുണയിൽ അധികാരമേറിയ ഷാ രിസാ പഹ്‍ലവിക്കെതിരെ ജനകീയ പ്രക്ഷോഭം നയിച്ച് രാഷ്ട്രീയത്തിൽ അതിവേഗം പടവുകൾ കയറി. ഷായുടെ രഹസ്യ പൊലീസ് പലവട്ടം ഖാംനഈയെ പിടികൂടി. ഈ ഘട്ടത്തിലായിരുന്നു ഖുമൈനിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഇസ്‍ലാമിക വിപ്ലവം നടക്കുന്നതും പഹ്‍ലവി അധികാരഭ്രഷ്ടനാക്കപ്പെടുന്നതും. 1980ൽ പ്രതിരോധമന്ത്രിയും അർധസൈനിക വിഭാഗമായ ഇസ്‍ലാമിക റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) തലവനുമായാണ് തുടക്കം. അതേവർഷം അമേരിക്ക പിന്തുണച്ച് ഇറാനിൽ ഇറാഖ് ആക്രമണം തുടങ്ങി. പിറ്റേവർഷം ഒരു വധശ്രമത്തിൽ ഒരു കൈ നഷ്ടപ്പെട്ടതിന് പിറകെ നടന്ന പൊതുതെരഞ്ഞെടുപ്പ് ജയിച്ച് ഖാംനഈ ഇറാൻ പ്രസിഡന്റുമായി.

യുദ്ധത്തിൽ പാശ്ചാത്യ ശക്തികൾ പൂർണമായി ഇറാഖിന് ആയുധവും അർഥവും നൽകി സഹായിച്ചപ്പോൾ ഒറ്റക്കായിരുന്നു ഇറാന്റെ ചെറുത്തുനിൽപ്. ലക്ഷങ്ങൾ മരിച്ചുവീണ യുദ്ധകാലത്തെ ഭരണമേധാവിയെന്ന നിലക്ക് ഇറാൻ ജനതക്കിടയിൽ സ്വാധീനം കൂട്ടിയ അദ്ദേഹം 1989ൽ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി അന്തരിച്ചതോടെ ആ പദവിയിലെത്തി. അതുവരെയും ഈ പദവിയിലെത്തുമെന്ന് കരുതിയിരുന്ന ആയത്തുല്ല ഹുസൈൻ അലി മുൻതസിരിയെ അരികിൽനിർത്തിയായിരുന്നു പദവികളിൽ ഇളവുകളോടെ സ്ഥാനക്കയറ്റം.

ഭരണത്തിലിരിക്കെയും പിറകെ ആത്മീയ നേതാവിന്റെ റോൾ വഹിച്ച നീണ്ടകാലത്തും ഇറാന്റെ സൈനിക, അർധ സൈനിക സംവിധാനം അപ്പാടെ മാറ്റിയെടുത്തത് ഖാംനഈയായിരുന്നു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ഭദ്രമാക്കിയും അതിർത്തിക്കപ്പുറത്തെ സഖ്യകക്ഷികൾക്ക് ആയുധവും അർഥവും എത്തിച്ചും മേഖലയിലുടനീളം ഇറാന്റെ സ്വാധീനം അതിവേഗം ഉയർത്തുന്നതിൽ ഖാംനഈ വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല. അങ്ങനെ, അർധസൈനിക വിഭാഗം മാത്രമായിരുന്ന ഇസ്‍ലാമിക റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) സുരക്ഷയിലുപരി മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലൊക്കെയും കൈവെക്കാൻ ശേഷിയുള്ള വലിയ സംവിധാനമായി. അവശ്യ സമയങ്ങളിൽ അവർ ഇടപെട്ടുംകൊണ്ടിരുന്നു.

യുദ്ധം തകർത്ത രാജ്യം പുനരുദ്ധരിക്കുന്നതിലും അദ്ദേഹം നിർണായക ഇടപെടൽ നടത്തി. 10 ലക്ഷത്തിലേറെ പേർ എട്ടുവർഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടിരുന്നു. ഓരോ നാളും പുതുതെന്ന തോതിൽ വന്നുപതിച്ച ഉപരോധങ്ങൾ സ്വാഭാവികമായും സാധാരണക്കാരന് അന്നം മുടക്കുമെന്ന് കണ്ട് ‘‘ചെറുത്തുനിൽപ് സമ്പദ്‍വ്യവസ്ഥ’’യും അദ്ദേഹം നടപ്പാക്കി.

എന്നാൽ, ഇറാഖുമായി എട്ടുവർഷം നീണ്ട യുദ്ധവും അതിന് മുമ്പ്, പഹ്‍ലവിയെ കുടിയിരുത്തി പതിറ്റാണ്ടുകൾ നിലനിർത്തിയ ഇടപെടലുകളുമെല്ലാം ശരാശരി ഇറാനിയുടെ മനസ്സിൽ കത്തിച്ചുനിർത്തിയ പാശ്ചാത്യ വിരോധം ഖാംനഈക്ക് ഊർജമായതിനൊപ്പം ഏതുനിമിഷവും തനിക്കുമേൽ പതിക്കാവുന്ന ആയുധവുമായിരുന്നു. ഒന്നിലേറെ തവണ തെരുവുകളിലെത്തിയ പ്രക്ഷോഭങ്ങൾക്കും ഖാംനഈ യുഗം സാക്ഷിയായി. 2009ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറികളെ ചൊല്ലിയായിരുന്നെങ്കിൽ 2022ൽ വനിതകളുടെ അവകാശങ്ങളായി വിഷയം. ഏറ്റവുമൊടുവിൽ വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങിയത് വരാനിരിക്കുന്ന സൂചനയായിരുന്നു. സാമ്പത്തിക പുരോഗതിയും പരിഷ്‍കാരവും തേടുന്ന പുതുതലമുറയുമായി ഒട്ടും ഇടപഴകാൻ ഇഷ്ടപ്പെടാത്ത നേതാവായി വിമർശകർ കണ്ട അദ്ദേഹം ഈ പ്രതിഷേധങ്ങളെ സമീപിച്ചതും മറ്റൊരു നിലയിലായിരുന്നില്ല.

ഒടുവിൽ, അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇസ്രായേലും ചേർന്ന് തന്നെയും തന്റെ ഭരണകൂടത്തെയും ഇല്ലാതാക്കാൻ കരുക്കൾ നീക്കുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും പ്രതിരോധിച്ച് നിൽക്കാനാകുമെന്ന വിശ്വാസവുമായാണ് ശനിയാഴ്ച പുലർച്ചയും വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം കൂടിയത്. തന്റെ കുടുംബത്തിലെ ഉറ്റവർക്കൊപ്പം മടങ്ങുമ്പോൾ ആധുനിക ഇറാൻ കണ്ട ഏറ്റവും കരുത്തനായ നേതാവാണ് രാജ്യത്തിന് നഷ്ടമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranAyatollah Ali KhameneiDonald TrumpIran Israel Tensions
News Summary - Khamenei, the Persian lion
Next Story