ബോംബിട്ട് ഇറാനെ കീഴടക്കാം എന്നത് തെറ്റിദ്ധാരണ; അമേരിക്കൻ യാഥാസ്ഥിതിക നിലപാടുകളെ രൂക്ഷമായി വിമർശിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്
text_fieldsവാഷിങ്ടൺ: ഇറാനെ ബോംബിട്ട് ഇല്ലാതാക്കാം എന്ന് കരുതുന്ന അമേരിക്കൻ യാഥാസ്ഥിതികരുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. പ്രശസ്ത പോഡ്‌കാസ്റ്ററായ ജോ റോഗന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഇതിനെതിരെ രംഗത്തുവന്നത്.
അത്തരം ഭരണമാറ്റ ശ്രമങ്ങൾ വലിയ സൈനിക വിന്യാസം ആവശ്യപ്പെടുന്നതാണെന്നും മുൻകാലങ്ങളിൽ അമേരിക്കക്ക് ഇത്തരം ഇടപെടലുകളിൽ നിന്ന് മോശം അനുഭവങ്ങളാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഇറാനെതിരെ യുദ്ധം തുടങ്ങാൻ ഇത്രത്തോളം താൽപര്യം കാണിക്കില്ലായിരുന്നെന്നും അദ്ദേഹം സമ്മതിച്ചു. എങ്കിലും പ്രസിഡൻറിന്റെ തീരുമാനങ്ങളെ പിന്തുണക്കുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ മാധ്യമങ്ങളിൽ വലിയ വാർത്തയായത് അഭിമുഖത്തിലെ എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചുള്ള വാൻസിന്റെ പ്രതികരണമാണ്. കുപ്രസിദ്ധ കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ട്രംപിന് ഇതിൽ പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന്, എപ്സ്റ്റീന് ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്ന സ്ഥിരീകരിക്കാത്ത ആരോപണവും വാൻസ് ഉന്നയിച്ചു.
‘അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരുമായും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരുമായും എപ്സ്റ്റീന് വ്യക്തമായ ബന്ധമുണ്ടായിരുന്നു. ഇസ്രായേൽ ഡീപ് സ്റ്റേറ്റിലെ ഇടതുപക്ഷ ചായ്‌വുള്ളവരുമായാണ് എപ്സ്റ്റീന് കൂടുതൽ അടുപ്പമുണ്ടായിരുന്നത്’, മുൻ ഇസ്രായേൽ പ്രധാനമന്ത്രി യഹൂദ് ബരാകുമായുള്ള എപ്സ്റ്റീന്റെ ബന്ധം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് വാൻസ് പറഞ്ഞു. അമേരിക്കയിലും റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ നിരവധി നേതാക്കളുമായി എപ്സ്റ്റീന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വൈസ് പ്രസിഡൻറ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ഇസ്രായേൽ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന രഹസ്യ പ്രചാരണങ്ങളെയും അദ്ദേഹം വിമർശിച്ചു. അമേരിക്കൻ പൊതുജനാഭിപ്രായം മാറ്റിമറിച്ച് ഇറാനുമായുള്ള യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഇസ്രായേൽ ഭരണകൂടത്തിലെ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ‘ടൈം’ മാഗസിൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് വാൻസ് പ്രതികരിച്ചത്. മുൻ ട്രംപ് കാമ്പയിൻ മാനേജറായ ബ്രാഡ് പാസ്‌കെയിലിന്റെ നേതൃത്വത്തിൽ ഇസ്രായേൽ സർക്കാരിന്റെ ഫണ്ടുപയോഗിച്ച് അമേരിക്കയിലെ യുവ യാഥാസ്ഥിതിക വിഭാഗങ്ങൾക്കിടയിൽ ഇസ്രായേൽ അനുകൂല സ്വാധീന പ്രചാരണം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ക്ലോക്ക് ടവർ എക്സ് എന്ന പാസ്‌കെയിലിന്റെ കമ്പനിക്കാണ് ഇതിനായി പണം ലഭിച്ചത്. യു.എസ് ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട് രേഖകൾ ഉദ്ധരിച്ചായിരുന്നു ടൈം റിപ്പോർട്ട്.
ഓൺലൈനിലെ യഹൂദ വിരുദ്ധത ചെറുക്കുക എന്ന പേരിലാണ് ഈ കാമ്പയിൻ ആരംഭിച്ചതെങ്കിലും, യുവ യാഥാസ്ഥിതികർ ഇസ്രായേലിന് എതിരാകുന്നത് തടയുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തെ വിമർശിച്ച് യാഥാസ്ഥിതിക ഇൻഫ്ലുവൻസർമാർ ഒരേസമയം പോസ്റ്റുകൾ പങ്കുവെച്ചത് ഈ കാമ്പയിന്റെ ഭാഗമാണെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയിരുന്നു.
ചോദ്യങ്ങളൊന്നും ഇല്ലാതെ തന്നെ വാൻസ് ഈ വിഷയം അഭിമുഖത്തിൽ ഉന്നയിക്കുകയായിരുന്നു. ‘സാമൂഹിക മാധ്യമങ്ങളിലൂടെയും മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയുമാണ് അവർ എന്നെ നിരന്തരം ആക്രമിക്കുന്നത്. ഇറാനുമായി ചർച്ച പാടില്ലെന്നും സൈനിക നടപടി തുടരണമെന്നുമാണ് അവരുടെ ആവശ്യം. ഞാൻ ഖത്തറിന്റെ സ്വാധീനത്തിലാണെന്നും, ടക്കർ കാൾസൺ പറയുന്നതാണ് ഞാൻ അനുസരിക്കുന്നതെന്നും തുടങ്ങി നിരവധി അസംബന്ധങ്ങളാണ് അവർ പ്രചരിപ്പിക്കുന്നതെന്ന് വാൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

