‘നരകത്തിൽ പോകൂ’-ഇറാൻ കരാർ അട്ടിമറിക്കാനുള്ള ഇസ്രായേൽ ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് യു.എസ് വൈസ് പ്രസിഡന്റ്
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ഇസ്രായേൽ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന രഹസ്യ പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. പ്രശസ്ത പോഡ്‌കാസ്റ്ററായ ജോ റോഗന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്. അമേരിക്കൻ പൊതുജനാഭിപ്രായം മാറ്റിമറിച്ച് ഇറാനുമായുള്ള യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഇസ്രായേൽ ഭരണകൂടത്തിലെ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ‘ടൈം’ മാഗസിൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് വാൻസ് പ്രതികരിച്ചത്. മുൻ ട്രംപ് കാമ്പയിൻ മാനേജറായ ബ്രാഡ് പാസ്‌കെയിലിന്റെ നേതൃത്വത്തിൽ ഇസ്രായേൽ സർക്കാരിന്റെ ഫണ്ടുപയോഗിച്ച് അമേരിക്കയിലെ യുവ യാഥാസ്ഥിതിക വിഭാഗങ്ങൾക്കിടയിൽ ഇസ്രായേൽ അനുകൂല സ്വാധീന പ്രചാരണം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ക്ലോക്ക് ടവർ എക്സ് എന്ന പാസ്‌കെയിലിന്റെ കമ്പനിക്കാണ് ഇതിനായി പണം ലഭിച്ചത്. യു.എസ് ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട് രേഖകൾ ഉദ്ധരിച്ചായിരുന്നു ടൈം റിപ്പോർട്ട്.
ഓൺലൈനിലെ യഹൂദ വിരുദ്ധത ചെറുക്കുക എന്ന പേരിലാണ് ഈ കാമ്പയിൻ ആരംഭിച്ചതെങ്കിലും, യുവ യാഥാസ്ഥിതികർ ഇസ്രായേലിന് എതിരാകുന്നത് തടയുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തെ വിമർശിച്ച് യാഥാസ്ഥിതിക ഇൻഫ്ലുവൻസർമാർ ഒരേസമയം പോസ്റ്റുകൾ പങ്കുവെച്ചത് ഈ കാമ്പയിന്റെ ഭാഗമാണെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയിരുന്നു.
ചോദ്യങ്ങളൊന്നും ഇല്ലാതെ തന്നെ വാൻസ് ഈ വിഷയം അഭിമുഖത്തിൽ ഉന്നയിക്കുകയായിരുന്നു. ‘സാമൂഹിക മാധ്യമങ്ങളിലൂടെയും മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയുമാണ് അവർ എന്നെ നിരന്തരം ആക്രമിക്കുന്നത്. ഇറാനുമായി ചർച്ച പാടില്ലെന്നും സൈനിക നടപടി തുടരണമെന്നുമാണ് അവരുടെ ആവശ്യം. ഞാൻ ഖത്തറിന്റെ സ്വാധീനത്തിലാണെന്നും, ടക്കർ കാൾസൺ പറയുന്നതാണ് ഞാൻ അനുസരിക്കുന്നതെന്നും തുടങ്ങി നിരവധി അസംബന്ധങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്’ -വാൻസ് വ്യക്തമാക്കി.
വിദേശ രാജ്യങ്ങൾ അമേരിക്കയെ സ്വാധീനിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്, ഇസ്രായേലും അത് ചെയ്യുന്നുണ്ട്. എന്നാൽ അമേരിക്കൻ നേതൃത്വം ഇത്തരം സ്വാധീനങ്ങൾക്ക് വഴങ്ങി തങ്ങളുടെ തീരുമാനങ്ങൾ മാറ്റുന്നത് എന്നെ അസ്വസ്ഥനാക്കുന്നു. ഞാൻ മുന്നോട്ട് കൊണ്ടുപോകുന്ന കരാർ അട്ടിമറിക്കാൻ വിദേശ ഫണ്ട് ഉപയോഗിച്ച് പ്രചാരണം നടത്തുന്നവരോട് എനിക്ക് പറയാനുള്ളത് 'നരകത്തിൽ പോകൂ' എന്നാണ്. ഞാൻ പ്രതിനിധീകരിക്കുന്നത് അമേരിക്കക്കാരെയാണ്’-വാൻസ് തുറന്നടിച്ചു.
അമേരിക്ക ഇസ്രായേലിന്റെ സ്വാധീനം കൊണ്ടല്ല ഇറാനെതിരെ ഈ വർഷം ആദ്യം യുദ്ധം തുടങ്ങിയതെന്നും, ഇറാൻ ആണവായുധം നേടരുത് എന്ന ശക്തമായ നിലപാട് പ്രസിഡന്റ് ട്രംപിനുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇതിൽ ഇസ്രായേൽ സ്വാധീനമുണ്ടോ എന്ന് ജോ റോഗൻ ആവർത്തിച്ച് ചോദിച്ചെങ്കിലും വാൻസ് അത് നിഷേധിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സർക്കാരിലെ തീവ്രവലതുപക്ഷ മന്ത്രിമാർക്കെതിരെയും വാൻസ് രംഗത്തെത്തി. ഇസ്രായേലിനെ ഇപ്പോഴും അനുകൂലിക്കുന്ന അവസാനത്തെ ലോകനേതാവാണ് ട്രംപ് എന്ന് അവർ തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനുമായുള്ള ചർച്ചകൾ ഇപ്പോഴും ശരിയായ ദിശയിലാണെന്ന് വാൻസ് അവകാശപ്പെട്ടു. ഇറാൻ നേതൃത്വത്തിൽ അമേരിക്കയുമായി കരാറിലെത്താൻ ആഗ്രഹിക്കുന്ന പ്രായോഗികവാദികളും ഇതിനെ എതിർക്കുന്ന തീവ്രനിലപാടുകാരും തമ്മിൽ ഭിന്നതയുണ്ട്. ധാരണാപത്രത്തിന് പിന്നാലെ ഹുർമുസ് കടലിടുക്കിൽ നിന്ന് അമേരിക്കക്ക് കൂടുതൽ എണ്ണ ലഭിക്കുന്നത് കണ്ട് പരിഭ്രാന്തരായ തീവ്രനിലപാടുകാരാണ് അവിടെ കപ്പലുകൾ ആക്രമിക്കുന്നത്. തങ്ങളുടെ വിലപേശൽ ശേഷി നഷ്ടപ്പെടുമോ എന്നവർ ഭയക്കുന്നു. എന്നാൽ സംഭാഷണങ്ങൾ തുടരാനാണ് പ്രായോഗികവാദികൾ ആഗ്രഹിക്കുന്നത്.
ഇതൊരു സങ്കീർണമായ നയതന്ത്ര നൃത്തമാണ്. സാമ്പത്തിക ഉപരോധങ്ങളും മറ്റ് സമ്മർദ്ദങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവർ അക്രമം കാണിക്കുമ്പോൾ ഞങ്ങൾ തിരിച്ചടിക്കാറുമുണ്ട്. ഇതിനിടയിലും ഇറാന്റെ ആണവപദ്ധതികൾ തകർക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും വാൻസ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

