ഇറാൻ യുദ്ധം: അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ
text_fieldsതെഹ്റാൻ: ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സൈനിക വിഭാഗമായ ഐ.ഡി.എഫ്. ചൊവ്വാഴ്ച പുലർച്ചെ തെഹ്റാൻ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ 67കാരനായ ലാരിജാനി കൊല്ലപ്പെട്ടെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ അവകാശവാദം. ഇറാന്റെ അർധ സൈനിക വിഭാഗമായ ബസീജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയും യു.എസ്-ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതായും കാറ്റ്സ് പറഞ്ഞു. എന്നാൽ, വിഷയത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയാണ് ലാരിജാനി. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിശ്വസ്തനായിരുന്ന ലാരിജാനി ഇറാൻ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധികേന്ദ്രവുമായിട്ടാണ് അറിയപ്പെടുന്നത്. ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യു.എസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തിൽ രാജ്യത്തിന്റെ പരമോന്നത നേതാവുൾപ്പെടെ കൊല്ലപ്പെട്ടിട്ടും ഇറാനെ ശക്തമായി മുന്നോട്ട് നയിക്കുന്നതിൽ അലി ലാരിജാനി വലിയ പങ്കുവഹിച്ചിരുന്നു. ലാരിജാനിയുടെ തലക്ക് നേരത്തെ യു.എസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ, ഖുദ്സ് ദിനത്തിൽ അദ്ദേഹം തെഹ്റാനിൽ പതിനായിരക്കണക്കിന് ആളുകൾക്കൊപ്പം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കുകൊണ്ടതും വലിയ വാർത്തയായിരുന്നു.
18 ദിവസം പിന്നിട്ട പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ലാരിജാനിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിനകം, ഇറാനിൽ 1500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ അധിനിവേശം തുടരുന്ന ലബനാനിൽ 15 ദിവസത്തിനിടെ 850 പേർ കൊല്ലപ്പെടുകയും എട്ടുലക്ഷത്തിലധികം പേർ പലായനത്തിന് നിർബന്ധിതരാവുകയും ചെയ്തു. ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്.
ആരാണ് അലി ലാരിജാനി?
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ, ഇസ്രായേൽ-യു.എസ് സഖ്യത്തിനെതിരെ ഇറാനിൽ നിന്നും ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അലി ലാരിജാനിയിടേത്. സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, ഇറാനിലെ പ്രതിരോധ-സുരക്ഷാ നയങ്ങളുടെ മുഖ്യ ശില്പിയാണ് അദ്ദേഹം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾക്ക് വാതിലുകൾ തുറന്നപ്പോൾ, "ഞങ്ങൾ അമേരിക്കക്കാരുമായി ചർച്ച ചെയ്യില്ല" എന്ന് പ്രഖ്യാപിച്ച ലാരിജാനി, ഇപ്പോൾ ഇറാനിയൻ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
1958-ൽ ഇറാഖിലെ നജഫിലാണ് അലി ലാരിജാനി ജനിച്ചത്. ഒരു പ്രമുഖ മതപണ്ഡിതന്റെ മകനാണദ്ദേഹം. മതപഠനത്തോടൊപ്പം തന്നെ പാശ്ചാത്യ തത്വചിന്തയിലും ശാസ്ത്രവിഷയങ്ങളിലും അദ്ദേഹം അഗാധമായ അറിവ് നേടിയിട്ടുണ്ട്. ഇമ്മാനുവൽ കാന്റ്, ദെക്കാർത്തെ തുടങ്ങിയ ദാർശനികരെക്കുറിച്ച് അദ്ദേഹം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1979-ലെ ഇസ്‍ലാമിക വിപ്ലവത്തിന് ശേഷം റെവല്യൂഷനറി ഗാർഡിലും പിന്നീട് സാംസ്കാരിക മന്ത്രിയായും ദീർഘകാലം പാർലമെന്റ് സ്പീക്കറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതായത്, മതപണ്ഡിതരുടെ പാരമ്പര്യവും സൈനിക, ഭരണകൂട അനുഭവങ്ങളും ഒത്തുചേരുന്ന അപൂർവം നേതാക്കളിൽ ഒരാളാണ് അദ്ദേഹം.
2015-ൽ അമേരിക്കയുമായി ഇറാൻ ഒപ്പുവെച്ച ചരിത്രപരമായ ആണവ കരാർ യാഥാർഥ്യമാക്കുന്നതിൽ ലാരിജാനിയുടെ പങ്ക് വളരെ വലുതാണ്. അന്ന് പാർലമെന്റ് സ്പീക്കറായിരുന്ന അദ്ദേഹം, കരാറിന് ആവശ്യമായ നിയമപരമായ പിന്തുണ ഉറപ്പുവരുത്താൻ മുൻകൈയെടുത്തു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം അന്ന്. എന്നാൽ, മാറിയ യുദ്ധ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നയങ്ങൾ കൂടുതൽ കർക്കശമായിട്ടുണ്ട്. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനുനേരെ നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. രാജ്യം വലിയൊരു അനിശ്ചിതത്വത്തിലൂടെയാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ, ഇറാനെ തകർന്നുപോകാതെ പിടിച്ചുനിർത്താനും ഭരണകൂടത്തിന് ദിശാബോധം നൽകാനും ലാരിജാനി വഹിക്കുന്ന പങ്ക് വലുതാണ്.
ഇറാൻ ജനതയുടെ ഹൃദയങ്ങളിൽ നിങ്ങൾ തീയിട്ടു, പകരം ഞങ്ങൾ നിങ്ങളുടെ ഹൃദയം ചുട്ടെരിക്കും- ഇത് ലാരിജാനിയുടെ വാക്കുകളാണ്. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ യുദ്ധത്തിൽ ഇറാനിയൻ സൈന്യത്തെയും നയതന്ത്ര നീക്കങ്ങളെയും ഒരേസമയം നിയന്ത്രിക്കുന്ന 'തലച്ചോറ്' അലി ലാരിജാനിയാണ്. ഒരു സമയത്ത് സമാധാന ചർച്ചകൾ നടത്തിയിരുന്ന അദ്ദേഹം തിരിച്ചടിക്ക് മുൻഗണന നൽകുന്ന സമീപനമാണ് അദ്ദേഹം ഇപ്പോൾ സ്വീകരിക്കുന്നത്. ശത്രുക്കളുടെ ആക്രമണം കൂടുതൽ രൂക്ഷമായാൽ ആണവായുധങ്ങളിലേക്ക് നീങ്ങാനും മടിക്കില്ലെന്ന് അദ്ദേഹം ആവർത്തിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

