Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ ജനത പറയുന്നു, യുദ്ധത്തിൽ ജയിച്ചത് ഇറാൻ തന്നെ; നെതന്യാഹുവിന്റെ ജനപിന്തുണ കൂപ്പുകുത്തി

text_fields
bookmark_border
ഇസ്രായേൽ ജനത പറയുന്നു, യുദ്ധത്തിൽ ജയിച്ചത് ഇറാൻ തന്നെ; നെതന്യാഹുവിന്റെ ജനപിന്തുണ  കൂപ്പുകുത്തി
cancel

തെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ കരാറിനെയും ഇറാനുമായുള്ള യുദ്ധത്തെയും ഇസ്രായേൽ ജനത കടുത്ത അതൃപ്തിയോടെയാണ് കാണുന്നതെന്ന് റിപ്പോർട്ട്.യുദ്ധത്തിൽ ഇറാൻ വിജയിച്ചുവെന്ന് 92.1 ശതമാനം ഇസ്രായേലികളും വിശ്വസിക്കുന്നതായി പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുന്ന ജനങ്ങൾ, ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും സർവേയിൽ പ്രതികരിച്ചു.

ജൂൺ 17 മുതൽ 20 വരെ ജറുസലേമിലെ ഹീബ്രു സർവകലാശാലയും അഗാം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി 3,644 പേരിലാണ് സർവേ നടത്തിയത്.

സർവേയിലെ പ്രധാന കണ്ടെത്തലുകൾ

ഇറാന്റെ വിജയം: നെതന്യാഹുവിനെ പിന്തുണക്കുന്ന വലതുപക്ഷ വോട്ടർമാരിൽ പോലും 93.1 ശതമാനം പേരും ഇറാനാണ് വിജയിച്ചതെന്ന് വിശ്വസിക്കുന്നു.

സുരക്ഷ വീഴ്ച: ഇറാനെതിരായ ആറാഴ്ചത്തെ സൈനിക നടപടി ഇസ്രായേലിന്റെ ദീർഘകാല സുരക്ഷയെ ദുർബലപ്പെടുത്തിയെന്ന് 82.9 ശതമാനം പേർ അഭിപ്രായപ്പെട്ടു.

കരാറിനോടുള്ള എതിർപ്പ്: ഇസ്രായേലിനെ മാറ്റിനിർത്തി അമേരിക്കയും ഇറാനും ഉണ്ടാക്കിയ കരാറിനോടും യുദ്ധത്തിന്റെ അനന്തരഫലങ്ങളോടും 86 ശതമാനം പേർക്കും കടുത്ത എതിർപ്പാണുള്ളത്.

ലക്ഷ്യം കണ്ടില്ല: ഇറാന്റെ ആണവ പദ്ധതികളും മിസൈൽ ഭീഷണിയും ഇല്ലാതാക്കുക, ഭരണകൂടത്തെ താഴെയിറക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച യുദ്ധത്തിൽ ഇസ്രായേൽ പൂർണമായി പരാജയപ്പെട്ടുവെന്നോ അല്ലെങ്കിൽ ഭാഗികമായ നേട്ടങ്ങൾ മാത്രമേ ഉണ്ടാക്കിയുള്ളൂവെന്നോ 87.8 ശതമാനം പേരും വിശ്വസിക്കുന്നു.

ഇസ്രായേൽ ഭരണനേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസക്കുറവാണ് സർവേ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സുപ്രധാന നേട്ടങ്ങൾ കൈവരിച്ചുവെന്നും രാജ്യത്തിന്റെ അസ്തിത്വ ഭീഷണി ഇല്ലാതാക്കിയെന്നുമുള്ള നെതന്യാഹുവിന്റെ വാദങ്ങൾ 72.5 ശതമാനം പേരും വിശ്വസിക്കുന്നില്ല.

യുദ്ധം കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് 56.4 ശതമാനം പേർ പറഞ്ഞപ്പോൾ, 26.5 ശതമാനം പേർ മാത്രമാണ് മികച്ച പ്രവർത്തനമായി വിലയിരുത്തിയത്. 17.1 ശതമാനം പേർ ശരാശരിയാണെന്നും പ്രതികരിച്ചു.

നെതന്യാഹുവിനുള്ള ജനപിന്തുണയിലുണ്ടായ വൻ ഇടിവും സർവേ വെളിപ്പെടുത്തുന്നു. മാർച്ചിലെ 40.5 ശതമാനത്തിൽനിന്ന് ജൂണിൽ അദ്ദേഹത്തിന്റെ ജനപ്രീതി 29.4 ശതമാനമായി കൂപ്പുകുത്തി.

അതേസമയം, ലബനാനിലെ ഹിസ്ബുല്ലക്കെതിരായ സൈനിക നടപടികളെ ഇസ്രായേലികൾ പിന്തുണക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെ എതിർപ്പുണ്ടായാൽപോലും ബെയ്റൂത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ ഹിസ്ബുല്ലക്കെതിരെ ആക്രമണം ശക്തമാക്കണമെന്ന് 48.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. 20.9 ശതമാനം പേർ ഇതിനെ എതിർത്തപ്പോൾ 30.9 ശതമാനം പേർക്ക് വ്യക്തമായ മറുപടി ഇല്ലായിരുന്നു.

‘സമ്പൂർണ വിജയം’ അകലെ

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ആരംഭിച്ച യുദ്ധത്തിൽ നെതന്യാഹു പ്രഖ്യാപിച്ച ‘സമ്പൂർണ വിജയം’ എന്ന വാദവും ജനങ്ങൾ തള്ളിക്കളഞ്ഞു. ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ താഴെയിറക്കുക, ബന്ദികളെ മോചിപ്പിക്കുക, ഹിസ്ബുല്ലയുടെ ഭീഷണി ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കഴിഞ്ഞ 31 മാസമായി തുടരുന്ന യുദ്ധത്തിൽ നേടാനായെന്ന് 12.2 ശതമാനം പേർ മാത്രമാണ് വിശ്വസിക്കുന്നത്.

61.3 ശതമാനം പേർ ലക്ഷ്യങ്ങൾ ഒട്ടും നേടാനായില്ലെന്ന് പറഞ്ഞപ്പോൾ, 26.5 ശതമാനം പേർ ചില ലക്ഷ്യങ്ങൾ മാത്രം നേടിയതായി വിലയിരുത്തി.ജനസംഖ്യാ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ 17 വയസ്സിന് മുകളിലുള്ളവരിലാണ് സർവേ നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israelis Say Iran Won War
Next Story