ഇറാൻ പ്രത്യാക്രമണത്തിൽ വീടുകൾ തകർന്ന ഇസ്രായേലികളോട് ഒഴിഞ്ഞ് പോകാൻ ഹോട്ടലുകൾ
text_fieldsതെൽഅവീവ്: ജൂൺ 13ന് ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇസ്രായേലികൾ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഹോട്ടലുകൾ. ഇസ്രായേലിലെ ഹോട്ടലുകളിൽ അഭയം തേടിയ നൂറുകണക്കിന് കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ‘ഓപറേഷൻ റൈസിങ് ലയൺ’ എന്ന പേരിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഇറാൻ കടുത്ത പ്രത്യാക്രമണമാണ് അഴിച്ചുവിട്ടത്. 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നുവെന്നും 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുവെന്നും ഇസ്രായേലി സന്നദ്ധ സംഘടനയായ ഓജെൻ വ്യക്തമാക്കിയിരുന്നു.
ഇതിൽ വീടുകൾ പൂർണമായും തകർന്നവരാണ് ഹോട്ടലുകളിൽ കഴിയുന്നത്. വീടുകൾക്ക് ചെറിയ കേടുപാടുകൾ മാത്രം സംഭവിച്ചവർ ഇതിനകം തിരിച്ചുപോയിട്ടുണ്ട്. ഭാഗികമായി തകർച്ച നേരിട്ട വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കും. ഇത്തരക്കാർ ഹോട്ടലുകളിലും ബന്ധുക്കളോടൊപ്പവും അപ്പാർട്ടുമെന്റുകൾ വാടകയ്‌ക്കെടുത്തുമാണ് താമസിക്കുന്നത്. എന്നാൽ, മിസൈൽ ആക്രമണത്തിൽ കൂടുതൽ വീടുകൾ തകർന്ന മേഖലകളിൽ കനത്ത വാടകയാണ് ഈടാക്കുന്നതെന്നും ഇത് പലകുടുംബങ്ങൾക്കും താങ്ങാൻ കഴിയുന്നില്ലെന്നും ഇസ്രായേൽ മാധ്യമമായ ജറൂസലേം പോസ്റ്റ് റിപ്പോർട്ടുചെയ്തു.
അതിനിടെ, വീടുകൾക്ക് പരിമിതമായ നാശനഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കിൽ ഹോട്ടൽ താമസത്തിനുള്ള ഫണ്ട് നൽകില്ലെന്ന് പ്രോപ്പർട്ടി ടാക്സ് അതോറിറ്റി വ്യക്തമാക്കി. ഇവർ തങ്ങൾക്ക് ലഭിച്ച നഷ്ടപരിഹാര തുക ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. നഗരത്തിൽ നടന്ന ആദ്യത്തെ മിസൈൽ ആക്രമണത്തെത്തുടർന്ന് 400ലധികം പേരെ പാർപ്പിച്ചിരുന്ന റാമത് ഗണിലെ ക്ഫാർ മക്കാബിയ ഹോട്ടലിൽ ഇനിയും ഇരുന്നൂറിലേറെ പേർ അവശേഷിക്കുന്നുണ്ട്. ഇവരെ അടുത്ത ആഴ്ച ആദ്യത്തോടെ ഒഴിപ്പിക്കുമെന്ന് ഹോട്ടൽ മാനേജ്മെന്റ് അറിയിച്ചു. യുദ്ധത്തിന് മുമ്പ് അന്താരാഷ്ട്ര കായിക താരങ്ങളും ഇസ്രായേൽ സന്ദർശകരും ബുക്ക് ചെയ്ത റൂമുകൾ നൽകണമെന്നും അതിനാൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ ഉടൻ ഒഴിഞ്ഞുപോകണമെന്നും ഹോട്ടലുകൾ ആവശ്യപ്പെട്ടു.
കുടിയൊഴിപ്പിക്കപ്പെട്ടവരെ സഹായിക്കാൻ സംഭാവന ആവശ്യപ്പെട്ട് ഇസ്രായേലി സന്നദ്ധ സംഘടനയായ ഓജെൻ ധനസമാഹരണം തുടങ്ങിയിരുന്നു. ഇസ്രായേലിലുടനീളം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുവെന്നും 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നുവെന്നും ഇവർ അറിയിച്ചിരുന്നു. ‘തെരുവുകൾ തകർന്നു കിടക്കുന്നു. ഉപജീവനമാർഗങ്ങൾ ഇല്ലാതായി. കടകൾ അടഞ്ഞുകിടക്കുന്നു. ശമ്പളം ഇല്ലാതായി. വീടുകൾ വാസയോഗ്യമല്ലാതായി. വൻതോതിലുള്ള നാശനഷ്ടങ്ങൾ നേരിട്ടു. 3,00,000ത്തിലധികം റിസർവ് സൈനികരെ വിളിച്ചുവരുത്തി. പലരും അവരുടെ കുടുംബങ്ങളെയും ചെറുകിട ബിസിനസുകളെയും ഉപേക്ഷിച്ചാണ് സൈനികവൃത്തിക്ക് ഇറങ്ങിയത്. ആക്രമണ ബാധിത മേഖലകളിലെ സാമ്പത്തിക ഇടപാടുകൾ സ്തംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് ബിസിനസുകൾ അടച്ചുപൂട്ടുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്നു. ഈ സംഖ്യ ദിവസം തോറും വർധിക്കുന്നു. ഭൗതിക, സാമ്പത്തിക പ്രതിസന്ധി നേരിടാൻ പ്രാദേശിക സർക്കാർ സംവിധാനങ്ങൾ പ്രയാസപ്പെടുന്നു. ഉടനടി സഹായം ലഭ്യമാക്കണം’ -ഓജെൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

