ഇസ്രായേലിനെ ഞെട്ടിച്ച് ഇറാന്റെ തിരിച്ചുവരവ്; തകർന്ന മിസൈൽ ശേഷി പുനർനിർമിച്ചത് അതിവേഗം
text_fieldsതെൽഅവീവ്: യുദ്ധം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ഇറാൻ അതിവേഗം സൈനിക ശേഷി വീണ്ടെടുത്തതിൽ ഇസ്രായേൽ സൈന്യത്തിനും ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കും അമ്പരപ്പ്. ജറുസലേം പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്), മൊസാദ് തുടങ്ങിയ ഉന്നത ഏജൻസികളിലെ ഉദ്യോഗസ്ഥരാണ് ഇറാന്റെ അപ്രതീക്ഷിത തിരിച്ചുവരവിൽ അൽഭുതപ്പെട്ടത്.
ഇറാന്റെ സൈനിക വ്യാവസായിക സമുച്ചയത്തെ വർഷങ്ങളോളം പിന്നോട്ട് നയിച്ചെന്ന ഇസ്രായേലിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുന്നതാണ് പുതിയ റിപ്പോർട്ടുകൾ. മുമ്പും പല തവണ ഇസ്രായേലിന്റെ ഇത്തരം വാദങ്ങളെ വിദേശ മാധ്യമങ്ങൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ഇറാന് വർഷങ്ങളോളം പഴയ നിലയിലേക്ക് തിരികെവരാൻ കഴിയില്ലെന്നുമായിരുന്നു ഇസ്രായേൽ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ പ്രധാന യുദ്ധം അവസാനിച്ചതിന് ശേഷവും മിസൈൽ ഭീഷണികൾ ഉൾപ്പെടെ നിരവധി മേഖലകളിൽ ഇറാൻ അമ്പരപ്പിക്കുന്ന വേഗതയിലാണ് തിരിച്ചുവരുന്നത് എന്നാണ് ഐ.ഡി.എഫ് ഇപ്പോൾ മനസ്സിലാക്കുന്നത്.
ഇറാൻ ഇത്തരത്തിൽ അതിവേഗം സൈനിക ശേഷി വീണ്ടെടുക്കുന്നത് ഇത് ആദ്യമായല്ല ഇസ്രായേലിനെ ഞെട്ടിക്കുന്നത്. 2024 ഒക്ടോബറിലും 2025 ജനുവരിയിലും സമാനമായ രീതിയിൽ ഇറാൻ തിരിച്ചുവന്നിരുന്നു. 2024 ഒക്ടോബറിൽ ഇറാനിലെ 20 പ്രധാന ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും വ്യവസായ ലക്ഷ്യങ്ങളും തകർത്തതായി അവകാശപ്പെട്ട ഐ.ഡി.എഫ്, ഇറാന്റെ ഭാവി മിസൈൽ ഉൽപാദനം ഒരു വർഷത്തെയെങ്കിലും പിന്നോട്ട് അടിച്ചതായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ 2025 ആയപ്പോഴേക്കും ഇറാൻ മിസൈൽ ഉൽപാദന വേഗത പൂർണമായി തിരിച്ചുപിടിച്ചതായി ഐ.ഡി.എഫ് മനസ്സിലാക്കി. തുടർന്ന് 2025 ജൂണിൽ വീണ്ടും ആക്രമണങ്ങൾ നടത്തി മിസൈൽ ഉൽപാദനം വർഷങ്ങളോളം വൈകിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഇസ്രായേൽ കരുതി. എന്നാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഇറാൻ വീണ്ടും അതിവേഗ മിസൈൽ ഉൽപാദനത്തിനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു. 2025 ജൂണിൽ 1,300 മിസൈലുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2026 ഫെബ്രുവരി ആയപ്പോഴേക്കും അത് 2,500 ആയി ഉയർന്നു.
തുടർന്ന് 2026ലെ ഏകദേശം 40 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ യു.എസും ഇസ്രായേലും ചേർന്ന് ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ മുപ്പതിനായിരത്തോളം തവണ ആക്രമണം നടത്തിയിരുന്നു. സൈനിക വ്യവസായത്തിന്റെ ചെറുതും വലുതുമായ എല്ലാ ഭാഗങ്ങളും തകർത്തെറിഞ്ഞെന്നാണ് ഐ.ഡി.എഫ് കരുതിയത്. എന്നാൽ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾക്കിടയിലും തങ്ങളുടെ മിസൈൽ ശേഖരം പുനഃസ്ഥാപിക്കാൻ ഇറാൻ വീണ്ടും വഴി കണ്ടെത്തുകയായിരുന്നു.
രാജ്യത്തിന്റെ ഭൂരിഭാഗവും തകർന്നു കിടക്കുമ്പോഴും, മിസൈൽ ശേഷി പുനർനിർമിക്കുന്നതിൽ ഇറാൻ സർഗാത്മകമായ വഴികളാണ് കണ്ടെത്തിയതെന്ന് ഉന്നത ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥർ ഇപ്പോൾ സമ്മതിക്കുന്നു. ഇസ്രായേലിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, ബുൾഡോസറുകൾ ഉപയോഗിച്ച് തകർന്ന ഭൂഗർഭ മിസൈൽ നഗരങ്ങൾ ഇറാൻ അതിവേഗം പ്രവർത്തനക്ഷമമാക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ന്യൂയോർക്ക് ടൈംസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ ആയുധങ്ങൾ തങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ നിർമിക്കുന്നുണ്ടെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ജറുസലേം പോസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന് പ്രതിമാസം 100 മുതൽ 300 മിസൈലുകൾ വരെ നിർമിക്കാൻ സാധിച്ചാൽ, 2027-ഓടെ അവർക്ക് പഴയ നിലയിലേക്ക് എത്താൻ കഴിയുമെന്നും, 2028 ഓടെ അതൊരു വലിയ ഭീഷണിയായി മാറുമെന്നും ഇസ്രായേപ ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ട്.
ഈ സാഹചര്യങ്ങൾ ഇസ്രായേലിന്റെ ഭാവി തന്ത്രങ്ങളെയും സ്വാധീനിച്ചേക്കാം. ഇറാന് നേരെ മറ്റൊരു ആക്രമണം എപ്പോൾ വേണമെന്ന കാര്യത്തിൽ ഇസ്രായേൽ പുനപരിശോധന നടത്തിയേക്കാം. അതേസമയം, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഈ വിഷയത്തിൽ വലിയ താൽപ്പര്യം കാണിക്കാത്തതിനാൽ ഇസ്രായേൽ ഈ വിഷയത്തിൽ മറ്റൊരു നിലപാട് സ്വീകരിച്ചേക്കാനും സാധ്യതയുണ്ട്.
റിപ്പോർട്ടുകളോട് പ്രതികരിച്ച ഐ.ഡി.എഫ്, യുദ്ധസമയത്ത് ഇറാന്റെ സൈനിക ശേഷിക്ക് കനത്ത തിരിച്ചടി നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും, യുദ്ധത്തിന് മുമ്പുള്ള അതേ വേഗതയിലും വ്യാപ്തിയിലും അവ തിരികെ കൊണ്ടുവരുന്നതിൽ നിന്നും ഇറാന് തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടിട്ടുണ്ട്. ഇറാന്റെ പുനർനിർണമാണ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് വിലയിരുത്തലുകൾ പുതുക്കിക്കൊണ്ടിരിക്കുമെന്നും സൈന്യം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

