ഇറാൻ ആക്രമിച്ചത് ഗസ്സയിൽ പരിക്കേറ്റ ഇസ്രായേൽ സൈനികരെ ചികിത്സിച്ചിരുന്ന ആശുപത്രി?; യുദ്ധക്കുറ്റമെന്ന് നെതന്യാഹു
text_fieldsതെൽഅവിവ്: ഇറാൻ മിസൈൽ ആക്രമണത്തിൽ കേടുപാട് സംഭവിച്ച ബീർഷബ സൊറോക ആശുപത്രി ഗസ്സ യുദ്ധത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികരെ ചികിത്സിച്ചിരുന്നതെന്ന് റിപ്പോർട്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഇക്കാര്യം എക്സിൽ പങ്കുവെച്ചു.
‘ഇസ്രായേലി സൈനിക കമാൻഡ്, കൺട്രോൾ സെന്ററിലും രഹസ്യാന്വേഷണ വകുപ്പ് ആസ്ഥാനത്തും ഇന്ന് ഇറാൻ സൈന്യം ശക്തമായ ആക്രമണം നടത്തി. സമീപത്തുള്ള സൊറോക സൈനിക ആശുപത്രിക്കും ചെറിയ കേടുപാട് സംഭവിച്ചു. ഗസ്സയിൽ വംശഹത്യ ശ്രമത്തിനിടെ പരിക്കേറ്റ ഇസ്രായേൽ സൈനികരെ ചികിത്സിച്ചിരുന്നത് ഇവിടെയാണ്. ഫലസ്തീനികളുടെ 94 ശതമാനം ആശുപത്രികളും തകർത്തത് ഇസ്രായേലാണ്. ആശുപത്രികളെയും സാധാരണക്കാരെയും ലക്ഷ്യംവെക്കുന്നത് ഇറാനല്ല, ഇസ്രായേലി യുദ്ധക്കുറ്റവാളികളാണ്. അവരാണ് ഈ രക്തച്ചൊരിച്ചിൽ തുടങ്ങിവെച്ചത്’ -അബ്ബാസ് അറാഗ്ചി പറഞ്ഞു.
സൊറോക ആശുപത്രിയുടെ പഴയ സർജിക്കൽ വാർഡിൽ മിസൈൽ പതിച്ചതായും രോഗികളെയും ജീവനക്കാരെയും അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായും ആശുപത്രി ഡയറക്ടർ ശലോമി കോദിശ് പറഞ്ഞു.
ആശുപത്രിക്കെതിരെ ആക്രമണം നടത്തിയത് യുദ്ധക്കുറ്റമാണെന്നും ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ, ആശുപത്രിക്ക് സമീപമുള്ള സൈനിക കേന്ദ്രത്തിലും രഹസ്യാന്വേഷണ ആസ്ഥാനത്തുമാണ് ആക്രമിച്ചതെന്നും അതിന്റെ ഭാഗമായി സംഭവിച്ച ചെറിയ നാശനഷ്ടമേ ആശുപത്രിക്കുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി.
ഏറ്റുമുട്ടൽ തുടരുന്നതിനിടെ വ്യാഴാഴ്ച ഇറാനിലെ അരാക്ക് ആണവനിലയത്തിൽ ഇസ്രായേൽ ആക്രമണം നടത്തി. ആണവായുധ നിർമാണത്തിനുള്ള പ്ലൂട്ടോണിയം സമ്പുഷ്ടീകരിക്കുന്നത് ഇവിടെയാണെന്ന് ആരോപിച്ചാണ് ഘനജല റിയാക്ടർ ആക്രമിച്ചത്. ആക്രമണം സ്ഥിരീകരിച്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി സമീപത്ത് റേഡിയേഷൻ വ്യാപനമില്ലെന്ന് അറിയിച്ചു.
തെഹ്‌റാനിൽനിന്ന് 280 കി.മീറ്റർ അകലെ, ഇറാന്റെ പടിഞ്ഞാറൻ ഭാഗത്താണ് അരാക്ക് ആണവനിലയം. 40 യുദ്ധവിമാനങ്ങളും മിസൈലുകളും ഉപയോഗിച്ച് ഇറാന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ തെൽ അവിവ്, ഹൈഫ, ഗുഷ്ദാൻ, ഹോലോൺ, തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച 47 പേർക്ക് കൂടി പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം.
യുദ്ധത്തിൽ അമേരിക്കയെ നേരിട്ട് പങ്കാളിയാക്കാനുള്ള ശ്രമം ഇസ്രായേൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനെതിരെ അമേരിക്കയിൽ പ്രതിഷേധമുണ്ട്. അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം മാരകമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെ ആക്രമിക്കുന്ന സാഹസത്തിന് അമേരിക്ക മുതിരരുതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ് നൽകി.
അതേസമയം, വെടിനിർത്തലിനുള്ള നയതന്ത്ര പരിശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്ച ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തും. യുദ്ധം ഒഴിവാക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ചൈന അറിയിച്ചു. ഗൾഫ് രാഷ്ട്ര നേതാക്കളും വിവിധ രീതിയിലുള്ള ഇടപെടൽ നടത്തുന്നുണ്ട്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഭീഷണി മുഴക്കി. ‘ഇസ്രായേലിനെ നശിപ്പിക്കണമെന്ന് ഖാംനഈ തുറന്ന് പ്രഖ്യാപിച്ചു. ആശുപത്രിയെ ആക്രമിക്കാൻ അദ്ദേഹം നേരിട്ട് ഉത്തരവിട്ടതാണ്. ഇത്തരമൊരാളെ അധികകാലം തുടരാൻ അനുവദിക്കാനാവില്ല. ഖാംനഈയെ വധിക്കുകയെന്നത് ഇസ്രായേലിന്റെ യുദ്ധലക്ഷ്യമാണ്. ശക്തമായ ഇസ്രായേൽ രാഷ്ട്രവും ഐ.ഡി.എഫും ഹോളോകോസ്റ്റ് കാലത്ത് നിലവിലുണ്ടായിരുന്നെങ്കിൽ ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പദ്ധതി പരാജയപ്പെടുത്താൻ കഴിയുമായിരുന്നു. ആധുനിക ഹിറ്റ്ലറെയാണ് ഖാംനഈയിൽ കാണുന്നത്. ഈ മനുഷ്യൻ ഇനി നിലനിൽക്കരുതെന്ന് ഐ.ഡി.എഫിന് നിർദേശം നൽകിയിട്ടുണ്ട്’ -ഇസ്രായേൽ പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

