ഗസ്സയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണം; അൽ ജസീറ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
text_fieldsഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമ പ്രവർത്തകൻ മുഹമ്മദ് വിഷാ
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ വീണ്ടുമൊരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. അൽ ജസീറ മുബാഷർ കറസ്‌പോണ്ടന്റായ മുഹമ്മദ് വിഷാ ആണ് ബുധനാഴ്ച ഗസ്സ സിറ്റിയിലുണ്ടായ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അൽ-റഷീദ് തീരദേശ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് വിഷായുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഡ്രോൺ പതിച്ചതിനെത്തുടർന്ന് വാഹനം പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം മുഹമ്മദ് വിഷായുടെ കൊലപാതകത്തെ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ശക്തമായി അപലപിച്ചു. ഇതൊരു യാദൃശ്ചികമായ സംഭവമല്ലെന്നും, മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആസൂത്രിതമായ കുറ്റകൃത്യമാണെന്നും അൽ ജസീറ പ്രസ്താവനയിൽ പറഞ്ഞു. 'സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാനും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനുമുള്ള ഇസ്രായേലിന്റെ നയത്തിന്റെ ഭാഗമാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു' - അൽ ജസീറ മീഡിയ നെറ്റ്‌വർക്ക്
യു.എസ് മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിക്കുകയാണ്. 2023 ഒക്ടോബർ മുതൽ ഇതുവരെ 262 മാധ്യമപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം മാത്രം ഏകദേശം 2,000ത്തിലധികം ലംഘനങ്ങൾ ഇസ്രായേൽ സൈന്യം നടത്തിയിട്ടുണ്ട്. കൂടാതെ വെടിനിർത്തൽ കാലയളവിൽ മാത്രം ഇതുവരെ 733 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഇസ്രായേലിന്റെ ഈ ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വേണമെന്നും കുറ്റവാളികളെ അന്താരാഷ്ട്ര കോടതികളിൽ വിചാരണ ചെയ്യണമെന്നും ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് ആവശ്യപ്പെട്ടു. 2018ലാണ് മുഹമ്മദ് വിഷാ അൽ ജസീറ നെറ്റ്‌വർക്കിന്റെ ഭാഗമായത്. ഗസയിലെ യുദ്ധസാഹചര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ അദ്ദേഹം സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

