ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ; പടയൊരുക്കി രാജ്യം, വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചു
text_fieldsതെഹ്റാൻ: ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിന് ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ. ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ വാർത്തസമ്മേളനത്തിൽ ഇറാനിയൻ മന്ത്രി അബ്ബാസ് അരാഗച്ചിയാണ് ഇക്കാര്യം അറിയിച്ചത്. അത്തരമൊരു തെറ്റ് ഇസ്രായേൽ ചെയ്താൽ അതിനുള്ള ഫലം ഇസ്രായേൽ അനുഭവിക്കേണ്ടി വരും.
ഗസ്സയിൽ ആണവായുധം പ്രയോഗിക്കുമെന്ന് ഇസ്രായേൽ നിരവധി തവണ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, പാശ്ചാത്യലോകം ഈ ഭീഷണികളെ അഗവണിക്കുകയാണ്. എന്നാൽ, സമാധാനപരമായി ആണവപദ്ധതി നടപ്പിലാക്കുന്ന ഇറാനെ അവർ നിരന്തരമായി സമ്മർദത്തിലാക്കുകയാണ്.
ഇറാൻ സമാധാനപരമായിട്ടായിരിക്കും ആണവപദ്ധതി നടപ്പാക്കുക. ഇക്കാര്യം ആരെയും ബോധ്യപ്പെടുത്താൻ തയാറാണ്. ഞങ്ങൾക്ക് ഒന്നും മറക്കാനില്ല. പൂർണമായും സമാധാനപരമാണ് ഞങ്ങളുടെ ആണവപദ്ധതി. ശാസ്ത്രജ്ഞർ കഠിനാധ്വാനം ചെയ്താണ് യുറേനിയം സമ്പുഷ്ടീകരണം യാഥാർഥ്യമാക്കിയത്. ആണവായുധങ്ങൾ സ്വന്തമാക്കണമെന്ന ആഗ്രഹം ഞങ്ങൾക്കില്ല. എന്നാൽ, സമാധാനപരമായി ആണവപദ്ധതി നടപ്പാക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. യു.എൻ ഏജൻസികൾ രാഷ്ട്രീയസമ്മർദങ്ങൾക്ക് വഴങ്ങരുതെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
അതേസമയം, ഇസ്രായേൽ ആക്രമണമുണ്ടായാൽ അത് പ്രതിരോധിക്കുന്നതിന് ഇറാൻ സുസജ്ജമാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈൽ ലോഞ്ചറുകളും ഇറാൻ സ്ഥാപിച്ചുവെന്നും വാർത്തകളുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

