Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലബനാനിൽ ഇസ്രയേലിന്റെ...

ലബനാനിൽ ഇസ്രയേലിന്റെ തീമഴ; 10 മിനിറ്റിൽ 100 ആക്രമണങ്ങൾ, ബെയ്റൂത്തിൽ വൻ നാശനഷ്ടം

text_fields
bookmark_border
ലബനാനിൽ ഇസ്രയേലിന്റെ തീമഴ; 10 മിനിറ്റിൽ 100 ആക്രമണങ്ങൾ, ബെയ്റൂത്തിൽ വൻ നാശനഷ്ടം
cancel

ബെയ്റൂത്ത് : ലബനാനിൽ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണവുമായി ഇസ്രയേൽ. ബുധനാഴ്ച ഉച്ചയോടെ വെറും 10 മിനിറ്റിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബുവർഷം നടത്തിയത്. ജനസാന്ദ്രതയേറിയ ബെയ്റൂത്ത് നഗരത്തിലും പരിസരപ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ ആരോഗ്യ മന്ത്രാലയം നൽകുന്ന പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

കേവലം 10 മിനിറ്റിൽ നൂറോളം ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രായീ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ല തലവൻ നഈം ഖാസിമിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്ന് ഇസ്രയേൽ മാധ്യമമായ 'ചാനൽ 12' റിപ്പോർട്ട് ചെയ്തു.

സെൻട്രൽ ബെയ്റൂത്തിലെയും വെസ്റ്റ് ബെയ്റൂത്തിലെയും വാണിജ്യ കേന്ദ്രങ്ങളിലും ഫ്ലാറ്റുകളിലുമാണ് ബോംബുകൾ പതിച്ചത്. നഗരത്തിന് മുകളിൽ കറുത്ത പുകപടലങ്ങൾ ഉയരുകയാണ്. തെക്കൻ ലബനാൻ, ബെക്കാ താഴ്വര, അലെ ജില്ലയിലെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിൽ റെസിഡൻഷ്യൽ ബ്ലോക്കുകൾ പൂർണ്ണമായും തകർന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം വളരെ വലുതാണെന്നും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണെന്നും ലബനീസ് റെഡ് ക്രോസ് അറിയിച്ചു.

തെക്കൻ ലബനാനിൽ നിന്ന് പലായനം ചെയ്തെത്തിയ പതിനായിരക്കണക്കിന് അഭയാർത്ഥികൾ തങ്ങുന്ന നഗരങ്ങളിലാണ് ഇസ്രയേൽ മുന്നറിയിപ്പില്ലാതെ ബോംബ് വർഷിച്ചത്. ഇത് വലിയ പരിഭ്രാന്തിക്ക് കാരണമായി. ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും പ്രൊഫസറുമായ സാദിഖ് അൽ നബൂൾസി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു.

തീപിടിച്ച കെട്ടിടങ്ങൾക്കിടയിലൂടെ ആംബുലൻസുകൾ ചീറിപ്പായുന്നതും അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നതുമായ കാഴ്ചകളാണ് ലബനാനിലുടനീളം കാണാനാവുന്നത്. പരിക്കേറ്റവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ അടിയന്തരമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഈ വെടിനിർത്തൽ ലബനാന് ബാധകമല്ലെന്ന നിലപാടിലാണ് ഇസ്രയേൽ. വെടിനിർത്തൽ വാർത്ത വന്നതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരുന്ന പതിനായിരക്കണക്കിന് അഭയാർത്ഥികൾ ഇസ്രയേലിന്റെ പുതിയ ബോംബാക്രമണത്തോടെ വീണ്ടും പെരുവഴിയിലായി.

ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലാണ് ബോംബുകൾ വീഴുന്നത്. മാർച്ച് 2-ന് യുദ്ധം പുനരാരംഭിച്ച ശേഷം ലബനാനിൽ ഇതുവരെ 1,500-ലധികം പേർ കൊല്ലപ്പെട്ടു. പത്തു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് കണക്ക്. യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ലബനeനിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന നിലയിലാണ്. രാജ്യാന്തര തലത്തിൽ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇസ്രയേൽ ആക്രമണം തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HezbollahlebananBombing attackIsreal armyIsrael- Lebanon conflict
News Summary - Israel Unleashes Massive Air Strikes Across Lebanon: 100 Targets Hit in 10 Minutes; High Casualties Reported in Beirut
Next Story