രണ്ടു മൃതദേഹം കൂടി കണ്ടെടുത്തു; ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ മരണം പത്തായി
text_fieldsടെൽ അവീവ്: ഇറാനിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ മിസൈൽ ആക്രമണത്തിൽ തകർന്ന മധ്യ ഇസ്രായേലിലെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി പുറത്തെടുത്തതായി ഇസ്രായേൽ പൊലീസ്. കുറഞ്ഞത് 7 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നും ഇവർ അവശിഷ്ടങ്ങൾക്കടിയിൽ ആയിരിക്കാമെന്നും അധികൃതർ പറഞ്ഞു.
ടെൽ അവീവിന്റെ മധ്യ ഭാഗത്ത് നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പൊലീസ് എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രായേലിന്റെ പടിഞ്ഞാറൻ ഗലീലി മേഖലയിലെ മൂന്ന് നില കെട്ടിടം നേരത്തെ നടത്തിയ ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് മൂന്നു പേർ കൊല്ലപ്പെട്ടതായി എം.ഡി.എ അറിയിച്ചു. വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതിനെത്തുടർന്ന് രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾ അഭയകേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം ആക്രമിച്ചുകൊണ്ട് ഇസ്രായേൽ തങ്ങളുടെ പ്രധാന എതിരാളിക്കെതിരായ പ്രകോപനം തുടർന്നതിനു പിന്നാലെ ഞായറാഴ്ച രാത്രി ഇറാനും തിരിച്ചടിച്ചു. ഇത് വിശാലമായ യുദ്ധത്തിന്റെ ആശങ്കകളേറ്റിയിട്ടുണ്ട്. ഇറാൻ വരും ദിവസങ്ങളിൽ കാണാൻ പോകുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴത്തെ ആക്രമണങ്ങൾ ഒന്നുമല്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അവകാശവാദം.
ഇസ്രായേലിന്റെ ആക്രമണത്തോടെ അമേരിക്കൻ മധ്യസ്ഥതയിൽ നടന്ന ആണവ ചർച്ചകൾ അർഥശൂന്യമെന്ന് പറഞ്ഞ് ഇറാൻ പിൻമാറിയിരുന്നു. അതിനിടെ, ഇറാനുമായി ആണവ പദ്ധതി സംബന്ധിച്ച് ചർച്ചകൾ നടത്താൻ ജർമനി, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചതായ റിപ്പോർട്ട് പുറത്തുവന്നു. പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി ആണവ പദ്ധതിയെക്കുറിച്ച് ഇറാനുമായി ഉടൻ ചർച്ച നടത്താൻ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ തയ്യാറാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

