Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ നേതാക്കളെ വധിക്കാൻ ഇസ്രായേൽ നീക്കം; യു.എസ് മാധ്യമ റിപ്പോർട്ട് 'കെട്ടുകഥയെന്ന്' ഇസ്രായേൽ

text_fields
bookmark_border
iran leaders
cancel
camera_alt

അബ്ബാസ് അരാഗ്ചി, മുഹമ്മദ് ബാഖിർ ഖാലിബാഫ്

ജറുസലേം: യു.എസുമായുള്ള ചർച്ചക്കിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്കും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനും ഇസ്രായേലിൽ നിന്ന് വധഭീഷണിയുണ്ടെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി നെതന്യാഹുവിന്റെ ഓഫീസ്. റിപ്പോർട്ട് വ്യാജമാണെന്നും വാസ്തവവിരുദ്ധമായ കെട്ടുകഥയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.


ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഇറാനിലെ ഉന്നത നേതാക്കളായ അരാഗ്ചിക്കും ഖാലിബാഫിനും നേരെ വധഭീഷണിയുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടായിരുന്നു. ഈ വിവരം ഇറാനെ അറിയിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളുടെ സഹായം അമേരിക്ക തേടിയിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പേര് വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് ഈ വാദങ്ങൾ ഉന്നയിച്ചത്.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായുള്ള ചർച്ചകൾക്ക് ശേഷം ഏപ്രിൽ 12ന് പാക്കിസ്താനിലെ ഇസ്ലാമാബാദിൽ നിന്ന് തെഹ്റാനിലേക്ക് മടങ്ങുമ്പോൾ ഇറാൻ സ്പീക്കർ ഖാലിബാഫിനെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടുവെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാഖ് വഴി ഇറാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും തിരികെ പറക്കുമ്പോൾ ഖാലിബാഫിന്റെ വിമാനം ലക്ഷ്യം വെക്കാൻ പദ്ധതിയിടുന്നതായും യു.എസ് അധികൃതർ ഇറാനെ അറിയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഖാലിബാഫ് തെഹ്‌റാനിലേക്കുള്ള പതിവ് വഴി ഉപേക്ഷിച്ച് വടക്കൻ പ്രവിശ്യയിലെ മഷാദിൽ അടിയന്തര ലാൻഡിങ് നടത്തിയെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിടുന്നത് ഇസ്രായേലിന്റെ യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്ന് അമേരിക്കൻ മാധ്യമം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഏപ്രിൽ മാസത്തിൽ സമാധാന ചർച്ചകൾ സജീവമായതോടെയാണ് ഈ പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ച് അമേരിക്ക കൂടുതൽ ആശങ്കാകുലരായത്. അത്തരം ഒരു ആക്രമണം ഉണ്ടായാൽ അത് നടക്കുന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകളെ പൂർണമായും തകർക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാൻ അമേരിക്ക മുൻകൈ എടുത്തത്.

കഴിഞ്ഞ മാസം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ടെലഫോണിൽ വിളിച്ച് അതിരൂക്ഷമായ ഭാഷയിൽ കയർത്തുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.

ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ച സഖ്യത്തിൽ കടുത്ത അതൃപ്തി നേരത്തെ തന്നെ ഉടലെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്.സമാധാന കരാർ ചർച്ചകളിലും ഇസ്രായേലിനെ പങ്കെടുപ്പിക്കാൻ യു.എസ് തയ്യാറായിരുന്നില്ല. ഇസ്രായേലും യുദ്ധത്തിൽ പങ്കാളിയാണെങ്കിലും ധാരണാ പത്രത്തിൽ ഒപ്പുവെച്ചത് യു.എസും ഇറാനും മാത്രമാണ്. നെതന്യാഹു പരസ്യമായി എതിർത്തിട്ടും യു.എസ് ധാരണാപത്രവും സമാധാന ചർച്ചകളുമായി മുന്നോട്ടു പോകുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷയാളത് വ്യക്തമാക്കുന്നു.

ഏതൊരു അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങളെയും പോലെ, ഇസ്രായേലും ഇറാനും തമ്മിലുള്ള ഈ അവിശ്വാസ അന്തരീക്ഷം നിലവിലെ സമാധാന ചർച്ചകളുടെ ഭാവിയെ ആശങ്കയിലാക്കുന്നുണ്ട്. വാർത്തകളെ നിഷേധിച്ച് ഇസ്രായേൽ തങ്ങളുടെ നയതന്ത്ര നിലപാട് വ്യക്തമാക്കുമ്പോൾ, പുറത്തുവരുന്ന ഇത്തരം റിപ്പോർട്ടുകൾ മേഖലയിലെ സംഘർഷങ്ങളുടെ സങ്കീർണ്ണതയാണ് വെളിപ്പെടുത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israel junks report about plot to kill Iranian officials
Next Story