പൂർണ യുദ്ധത്തിലേക്ക്? ; ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ആക്രമണം കനപ്പിച്ചു; ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപമുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ
text_fieldsഇസ്രായേൽ ആക്രമണത്തെ തുടർന്ന് തെഹ്റാനിലെ എണ്ണ ശുദ്ധീകരണശാലയിൽനിന്ന് പുകയുയരുന്നു (ഇടത്ത്) ഇറാൻ ആക്രമണത്തെ തുടർന്ന് നാശനഷ്ടമുണ്ടായ ഇസ്രായേലിെല ബാത് യാമിലെ കെട്ടിടം (വലത്ത്)
ഇറാൻ കനത്ത വില നൽകേണ്ടിവരും -ഇസ്രായേൽ;
ഇസ്രായേൽ നിർത്തിയാൽ ഞങ്ങളും നിർത്താം -ഇറാൻ
തെഹ്റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം അയവില്ലാതെ തുടരുന്നു. ഞായറാഴ്ചയും ഇരുപക്ഷവും മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതോടെ യുദ്ധം രൂക്ഷമാവുകയാണ്. ഇസ്രായേലിന്റെ തുറമുഖനഗരമായ ഹൈഫയിലടക്കം ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തീപിടിച്ചു. ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ തെഹ്റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് തെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എൻ.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെ കൊല്ലപ്പെട്ട ഇസ്രായേലിന്റെ ആക്രമണത്തിൽ തുടക്കത്തിൽ പകച്ച ഇറാൻ കനത്ത പ്രത്യാക്രമണം നടത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഇറാന്റെ ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിൽ പതിച്ചു. ഞായറാഴ്ച മാത്രം ഇറാൻ ആക്രമണത്തിൽ 11 പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. 250 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ഉം പരിക്കേറ്റവരുടെ എണ്ണം 380 ലേറെയുമായി. ഹൈഫ തുറമുഖ നഗരത്തിൽ നടന്ന ആക്രമണത്തിൽ നാല് ഇസ്രായേൽ പൗരൻമാർക്ക് പരിക്കേറ്റു.
തെൽ അവിവിന് സമീപം ബാത് യാമിലെ കെട്ടിടത്തിൽ ഇറാന്റെ മിസൈൽ പതിച്ച് ഏഴു പേർ കൊല്ലപ്പെട്ടു. ഇവിടെ 180 ഓളം പേർക്ക് പരിക്കേൽക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി ഇസ്രായേൽ പൊലീസ് അറിയിച്ചു. വടക്കൻ ഇസ്രായേലിലെ തംറയിൽ മിസൈലാക്രമണത്തിൽ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 പേർക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതിൽ ഇറാൻ ആക്രമണത്തിൽ 42 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചത്തെ ആക്രമണങ്ങളിൽ ഇസ്രായേലിൽ 60 ഓളം കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
ശനിയാഴ്ച ഇറാനിലെ ബുശഹ്ർ വാതക ശുദ്ധീകരണശാലക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിലെ ഹൈഫ തുറമുഖവും എണ്ണ ശുദ്ധീകരണശാലയും ആക്രമിച്ചു. ബാത് യാമിലെ ആക്രമണത്തിനിരയായ സ്ഥലങ്ങൾ സന്ദർശിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ആക്രമണം തുടർന്നാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.
ഇറാൻ ആക്രമണം ശക്തമാക്കിയതിനെതുടർന്ന് മധ്യ, വടക്കൻ ഇസ്രായേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
50 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളിൽ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) പറഞ്ഞു. ഇസ്ഫഹാനിലെ എണ്ണ ശുദ്ധീകരണശാല, ഷിറാസിലെ ഇലക്ട്രോണിക്സ് ഫാക്ടറി എന്നിവക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. കിർമൻഷായിലെ കുതിരാലയത്തിൽ ഇസ്രായേൽ ആക്രമണത്തിൽ നിരവധി കുതിരകൾ ചത്തു.
ഇരുരാഷ്ട്രങ്ങളും വ്യോമപാത അടച്ചത് തുടരുമെന്ന് വ്യക്തമാക്കി. രണ്ട് മൊസാദ് ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി ഇറാൻ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ ലോകനേതാക്കൾ നയതന്ത്ര നീക്കം ശക്തമാക്കിയതിനിടെ ഇരുപക്ഷവും പോർവിളി തുടരുകയാണ്. ഇസ്രായേൽ ആക്രമണം തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ചരക്കുനീക്കത്തിലെ പ്രധാനപാതയായ ഹോർമുസ് അടച്ചാൽ വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാകും. എണ്ണവില കുതിച്ചുയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

