'വെടിനിർത്തലല്ല'; ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇസ്രായേൽ-ഇറാൻ സംഘർഷം തീർക്കാൻ വെടിനിർത്തലല്ല താൻ പരിഹാരമാർഗമായി നിർദേശിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർ ഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. പൂർണമായും സംഘർഷം അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു.
ചൊവ്വാഴ്ച സുരക്ഷാസംഘവുമായി ട്രംപ് ഇറാൻ പ്രശ്നം ചർച്ച ചെയ്യും. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ യു.എസ് സൈന്യത്തെ അയക്കുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. അതിന് മുമ്പ് തന്നെ ഇറാന്റെ ആണവകേന്ദ്രങ്ങൾ തകരുമെന്നും അവർ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ജനങ്ങളെ സുരക്ഷിതമാക്കാൻ വേണ്ടിയാണ് തെഹ്റാനിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ നിർദേശിച്ചതെന്നും ട്രംപ് പറഞ്ഞു. അതിനപ്പുറം തന്റെ ആഹ്വാനത്തിന് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും യു.എസ് പ്രസഡിന്റ് വ്യക്തമാക്കി.
നേരത്തെ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇറാനിയൻ ദേശീയമാധ്യമങ്ങളാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ മൊസാദ് ആസ്ഥാനം ആക്രമിച്ചിരിക്കുന്നത്.
ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാൻ വെടിവെച്ചിട്ടു. ഇറാൻ ന്യൂസ് ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തബിരിസിൽ വെച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

