Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന്റെ ഭീഷണി വകവെക്കാതെ ഇറാൻ; ‘പിക് ആക്സി’ലെ രഹസ്യ ആണവ കേന്ദ്രത്തിൽ വൻ നിർമാണ പ്രവർത്തനം

text_fields
bookmark_border
സുരക്ഷ ശക്തമാക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ
ട്രംപിന്റെ ഭീഷണി വകവെക്കാതെ ഇറാൻ; ‘പിക് ആക്സി’ലെ രഹസ്യ ആണവ കേന്ദ്രത്തിൽ വൻ നിർമാണ പ്രവർത്തനം
cancel

വാഷിങ്‌ടൺ: ഇറാന്റെ പ്രധാന ആണവനിലയമായ നതാസിന് സമീപമുള്ള രഹസ്യ ഭൂഗർഭ കേന്ദ്രമായ ‘പിക്ക് ആക്സ് മൗണ്ടനിൽ’ വൻതോതിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ തിങ്ക് ടാങ്കായ ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്’ (സിഎസ്ഐഎസ്) ആറുവർഷത്തെ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്താണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്

തെഹ്‌റാനിൽ നിന്ന് ഏകദേശം 140 മൈൽ തെക്കുള്ള നതാസ് ആണവ സമുച്ചയത്തിന് രണ്ട് കിലോമീറ്റർ തെക്കായാണ് ഗെറനൈറ്റ് പാറകൾ തുരന്ന് നിർമിച്ച ‘പിക്ക് ആക്സ് മൗണ്ടൻ’ സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ ഇറാന്റെ പ്രഖ്യാപിക്കപ്പെടാത്ത പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായി ഇതിനെ നിരീക്ഷിച്ചു വരികയായിരുന്നു.

ആഗസ്റ്റ് ഒമ്പതുവരെയുള്ള ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽനിന്ന് 2026ൽ നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ വർധനവുണ്ടായതായി വ്യക്തമാകുന്നു. കേന്ദ്രത്തിന് ചുറ്റും സുരക്ഷാ മതിലുകൾ നിർമ്മിക്കുകയും റോഡ് ശൃംഖലകൾ ടാർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കുഴിച്ചെടുത്ത മണ്ണും പാറകളും നീക്കം ചെയ്ത് പ്രവേശന കവാടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയ അവസ്ഥയിലാണ്. കേന്ദ്രം ഖനന ഘട്ടത്തിൽ നിന്ന് ആഭ്യന്തര നിർമ്മാണത്തിലേക്കും ഉപരിതല സുരക്ഷ വർധിപ്പിക്കുന്ന ഘട്ടത്തിലേക്കും മാറിയതായി സിഎസ്ഐഎസ് വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു

2020ൽ ഇറാന്റെ അറ്റോമിക് എനർജി മേധാവിയായിരുന്ന അലി അക്ബർ സ്വാലിഹി പ്രഖ്യാപിച്ചതുപോലെ ഭൂഗർഭ സെന്റ്രിഫ്യൂജ് അസംബ്ലി യൂണിറ്റ് നിർമിക്കുക, നിലവിൽ ഇറാന്റെ കൈവശമുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച 440 കിലോഗ്രാം യുറേനിയം, ആയുധ നിലവാരത്തിലേക്ക് ഉയർത്താനായുള്ള സമ്പുഷ്ടീകരണ കേന്ദ്രമാക്കുക, 2025 ജൂണിൽ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' വഴി അമേരിക്കയും ഇസ്രായേലും ഇസ്ഫഹാനിൽ തകർത്ത ഇറാന്റെ മെറ്റലർജി, കെമിക്കൽ കൺവേർഷൻ സൗകര്യങ്ങൾ പോലെയുള്ള ആണവായുധ ഗവേഷണങ്ങൾ ഈ ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റുക എന്നിങ്ങനെയുള്ള മൂന്ന് സാധ്യതകളാണ് ഈ നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നിലെന്ന് സിഎസ്ഐഎസ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വർഷം അവസാനത്തോടെ ഇറാൻ സെന്റ്രിഫ്യൂജുകളും അവയുടെ ഭാഗങ്ങളും ഇവിടേക്ക് മാറ്റിയെന്ന ഇസ്രായേലി രഹസ്യാന്വേഷണ അവകാശവാദം പൂർണമായി സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി

അതേസമയം, കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തുടർച്ചയായ മുന്നറിയിപ്പുകൾക്കിടയിലാണ് ഈ നിർമാണങ്ങൾ. ‘ഞങ്ങൾ ഉടൻ തന്നെ പിക്ക് ആക്സിന് നേരെ ആക്രമണം നടത്തിയേക്കാം, അവിടെ ചലിക്കുന്ന എല്ലാവരെയും ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്’ എന്ന് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഭൂഗർഭ താവളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാൻ ഉപഗ്രഹ ചിത്രങ്ങൾ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, നിഗമനങ്ങളിലെത്താൻ ഐ.എ.ഇ.എ സംഘം സ്ഥലം നേരിട്ട് സന്ദർശിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇറാൻ അതിനുള്ള സൗകര്യം ചെയ്തുകൊടുത്തില്ല. അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി നിരവധി തവണ വിവരങ്ങളും കേന്ദ്രത്തിലേക്ക് പ്രവേശാനുമതിയും ആവശ്യപ്പെട്ടെങ്കിലും ഇറാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.

അമേരിക്കയുടെ ഏറ്റവും ശേഷിയേറിയ ‘ജിബിയു-57 മാസീവ് ഓർഡിനൻസ് പെനട്രേറ്റർ’ പോലുള്ള നോൺ-ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിച്ചാൽപോലും തകർക്കാൻ പ്രയാസമുള്ള വൻ ഗെറനൈറ്റ് പാറക്കോട്ടക്കുള്ളിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran's secret underground site sees huge construction
Next Story