ഭീഷണി ഒഴിവാക്കിയാൽ സംഭാഷണത്തിന് തയാറെന്ന് ഇറാൻ പ്രസിഡന്റ്; ചർച്ചകൾക്ക് തുർക്കിയ മുൻകൈ എടുക്കുന്നുവെന്നാണ് റിപ്പോർട്ട്
text_fieldsതെഹ്റാൻ: രാജ്യത്തെ പ്രതിപക്ഷ പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നതിന്റെ പേരിൽ യു.എസുമായി ഉടലെടുത്ത പുതിയ സംഘർഷം ലഘൂകരിക്കുന്നതിന് മുൻകൈയെടുക്കാൻ വിദേശകാര്യ മന്ത്രിക്ക് നിർദേശം നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ‘നീതിയുക്തവും തുല്യതയുള്ളതുമായ ചർച്ചകൾ’ നടത്തണമെന്ന് വിദേശമന്ത്രിക്ക് നിർദേശം നൽകിയെന്നാണ് പെഷസ്കിയാൻ അറിയിച്ചത്.
യു.എസിന്റെ ഏകപക്ഷീയ ഭീഷണിയെ തുടർന്ന് കർശന നിലപാട് സ്വീകരിച്ചിരുന്ന ഇറാൻ ആദ്യമായാണ് വിശാല ചർച്ചകൾക്ക് തയാറാണെന്ന് പ്രതികരിച്ചിരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ചർച്ചകൾക്ക് തുർക്കിയ മുൻകൈ എടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. യു.എസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മേഖ സന്ദർശിക്കാനിരിക്കെയാണ് പുതിയ നീക്കം.
അതേസമയം, ഇറാന്റെ ആണവ പദ്ധതികൾ ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിബന്ധന അവർ എങ്ങനെ സ്വീകരിക്കുമെന്നതിൽ വ്യക്തതയില്ല. ‘‘സംഭാഷണങ്ങൾക്കായി യു.എസ് പ്രസിഡന്റ് മുന്നോട്ടുവന്നതിനോട് പ്രതികരിക്കണമെന്ന് ഞങ്ങളുടെ സൗഹൃദ രാഷ്ട്രങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. ഭീഷണിമുക്തവും അസാധ്യമായ പ്രതീക്ഷകളും ഇല്ലാതെയുമുള്ള ഒരു അന്തരീക്ഷമാണെങ്കിൽ ചർച്ചകൾ സാധ്യമാണെന്ന് ഞാൻ ആവർത്തിക്കുന്നു.’’ -പെഷസ്കിയാൻ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

