ഇസ്രായേൽ ആക്രമണത്തിനിടെ ഇറാൻ മാധ്യമപ്രവർത്തക സാഹർ ഇമാമി പ്രകടിപ്പിച്ച ധീരതക്ക് ആദരം; പുരസ്കാരം നൽകി വെനസ്വേല
text_fieldsതെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിനിടയിൽ സ്റ്റുഡിയോയിൽ ഇറാൻ മാധ്യമപ്രവർത്തക സാഹർ ഇമാമി പ്രകടിപ്പിച്ച ധീരതക്ക് വെനസ്വേലയുടെ ആദരം. സിമോൺ ബോളിവർ സമ്മാനം നൽകിയാണ് ഇമാമിയെ ലാറ്റിനമേരിക്കൻ രാജ്യം ആദരിച്ചത്. ഇസ്രായേൽ ആക്രമണത്തിനിടെ ഇറാനിയൻ ന്യൂസ് സ്റ്റുഡിയോയിൽ അവർ പ്രകടിപ്പിച്ച ധീരതക്കാണ് അംഗീകാരം.
ഇമാമിക്കും റിപബ്ലിക് ഓഫ് ഇറാൻ ന്യൂസ് നെറ്റ്വർക്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുമായി പുരസ്കാരം നൽകുകയാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ പറഞ്ഞു. വെനസ്വേലയിലെ ഇറാൻ അംബാസിഡർ അലി ചെഗിനിയായിരിക്കും ഇമാമിക്കും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുമായി പുരസ്കാരം സ്വീകരിക്കുക.
ഇമാമിയുടേയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ധീരതയെ മദുറോ പ്രശംസിച്ചു. ഇമാമിയെ പ്രശംസിച്ച് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയും രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിനിടെയാണ് ഇറാൻ ഔദ്യോഗിക ചാനലിന്റെ സ്റ്റുഡിയോയിൽ നാടകീയ സംഭവങ്ങളുണ്ടായത്.
സാഹർ ഇമാമി വാർത്ത വായിക്കുന്നതിനിടെ ഇസ്രായേൽ മിസൈൽ ചാനലിന്റെ സ്റ്റുഡിയോയിൽ പതിക്കുകയായിരുന്നു. ഇമാമി വാർത്ത വായന തുടർന്നുവെങ്കിലും അവർക്ക് പിന്നിലുള്ള ടെലിവിഷൻ ഉൾപ്പടെ ഇസ്രായേൽ ആക്രമണത്തിൽ തകർന്നതോടെ ചാനലിന് ലൈവ് ടെലികാസ്റ്റ് നിർത്തേണ്ടി വന്നിരുന്നു. എന്നാൽ, വൈകാതെ അവർ സ്റ്റുഡിയോ ഫ്ലോറിലേക്ക് തിരിച്ചെത്തുകയും വാർത്താവായന തുടരുകയും ചെയ്തു. ഈ ധീരതയേയാണ് വെനസ്വേല പുരസ്കാരത്തിലൂടെ അംഗീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

