ഇറാന്റെ സൈനിക ശക്തി ട്രംപിൽ വീണ്ടു വിചാരമുണ്ടാക്കിയെന്ന് ‘ടെലഗ്രാഫ്’ റിപ്പോർട്ട്
text_fieldsലണ്ടൻ: ഇറാനിൽ നടന്ന പ്രക്ഷോഭത്തിന്റെ മറവിൽ അമേരിക്ക ഉയർത്തിയ യുദ്ധഭീഷണിയിൽ നിന്ന് ഡോണൾഡ് ട്രംപ് പെട്ടെന്ന് പിൻമാറിയതിന്റെ കാരണം ഇറാന്റെ സൈനിക ശക്തിയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ടെലഗ്രാഫിന്റെ’ വിലയിരുത്തൽ. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ വലിയ മുന്നൊരുക്കങ്ങൾ ആയിരുന്നു യു.എസും ഇസ്രായേലും നടത്തിയത്. താവളങ്ങളും എംബസികളും ഒഴിപ്പിക്കുന്നവരിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. എങ്കിലും, വാരാന്ത്യത്തോടെ യു.എസിന്റെ സ്വരം ഗണ്യമായി മാറി. അതിന്റെ കാര്യകാരണങ്ങൾ വിശകലനം ചെയ്യുന്ന റിപ്പോർട്ട് ആണ് ബ്രിട്ടീഷ് മാധ്യമമായ ‘ടെലഗ്രാഫ്’ പുറത്തുവിട്ടത്.
ട്രംപിന് ആക്രമണത്തെക്കുറിച്ച് പുന:രാലോചിക്കാൻ എന്തോ കാരണമുണ്ടായി എന്നും പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഇറാൻ ഭരണകൂടം എക്കാലത്തേക്കാളും ശക്തമായി കാണപ്പെടുന്നുവെന്ന് ട്രംപ് തിരിച്ചറിഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. തെഹ്‌റാനിലെ തെരുവുകൾ ഭരണ അനുകൂല റാലികളാൽ നിറഞ്ഞു. അത് സുരക്ഷാ നിയന്ത്രണം തിരിച്ചുപിടിച്ചതായി തോന്നിപ്പിച്ചുവെന്നും ഇറാനും സൈനികമായി പൊട്ടിത്തെറിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ഉള്ള സൂചനകൾ നൽകി.
ഇറാന്റെ സൈനിക ശക്തിയെ നിസ്സാരമായി കാണാനാവില്ലെന്നും ഏതൊരു നീക്കത്തിനും മുൻപ് ട്രംപിന് രണ്ടുതവണ ചിന്തിക്കേണ്ടി വരുമെന്നുമാണ് വിശകലനം വ്യക്തമാക്കുന്നത്. ഇറാന്റെ പക്കലുള്ള അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയും ഡ്രോൺ കരുത്തും മേഖലയിലെ ശക്തി സമവാക്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട ‘സെപാ സൈബറി’ ചാനലുകളാണ് ടെലിഗ്രാഫിന്റെ ഈ വിലയിരുത്തൽ പുറത്തുവിട്ടിരിക്കുന്നത്. ഇറാനെതിരെയുള്ള ഉപരോധങ്ങളും ഭീഷണികളും തുടരുമ്പോഴും, അവരുടെ സൈനികമായ തയ്യാറെടുപ്പുകൾ അമേരിക്കൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരാനിരിക്കുന്ന കാലയളവിൽ ട്രംപിന്റെ ഇറാൻ നയങ്ങളിൽ ഈ സൈനിക കരുത്ത് വലിയൊരു ഘടകമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

