യുദ്ധത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇറാൻ പരമോന്നത നേതാവ് ഖാംനഈ
text_fieldsതെഹ്റാൻ: ഇസ്രായേലുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മതചടങ്ങിലാണ് ഖാംനഈയുടെ സാന്നിധ്യം ഉണ്ടായത്.
ഇറാന്റെ ദേശീയ ടെലിവിഷനാണ് ഖാംനഇയുടെ വിഡിയോ പുറത്ത് വിട്ടത്. പള്ളിക്കുള്ളിൽ മുഹറത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ ഖാംനഇ പങ്കെടുക്കുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നത്. കറുത്ത വസ്ത്രമണിഞ്ഞാണ് 86കാരനായ ഖാംനഇ പള്ളിയിലെ പരിപാടിയിൽ പങ്കെടുക്കുന്നത്.
തെഹ്റാനിലെ ഇമാം ഖൊമേനി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 1989 മുതൽ ഇറാന പരമോന്നത നേതാവായ ഖാംനഇയുടെ റെക്കോഡ് ചെയ്ത വിഡിയോ കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു. എന്നാൽ, അദ്ദേഹം പൊതുവേദിയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
നേരത്തെ ഇസ്രായേലും ഇറാനും തമ്മിൽ 12 ദിവസം നീണ്ടുനിന്ന കനത്ത യുദ്ധം നടന്നിരുന്നു. ആണവായുധങ്ങൾ നിർമിക്കുന്നുവെന്ന് ആരോപിച്ച് ഏകപക്ഷീയമായി ഇസ്രായേൽ ഇറാനെ ആക്രമിക്കുകയായിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിച്ചത്.
അതേസമയം, യു.എസ് ബി-2 ബോംബറുകൾ ആക്രമിച്ച ഇറാന്റെ ഫോർദോ ആണവ സമ്പുഷ്ടീകരണ പ്ലാന്റിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി തെളിയിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് സമീപത്താണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. മാക്‌സർ ടെക്‌നോളജീസ് ശേഖരിച്ച ചിത്രങ്ങളാണ് പുറത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.