ഇറാനിൽ ഇന്‍റർനെറ്റ് തിരിച്ചെത്തുന്നു; എന്നാൽ എല്ലാവർക്കും ലഭ്യമല്ല
text_fieldsചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്‍റർനെറ്റ് ഷട്ട്ഡൗണാണ് ഇറാനിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചക്കടുത്തായി നീണ്ടു നിൽക്കുന്ന ഇന്‍റർനെറ്റ് വിഛേദം പുനസ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ അധികൃതർ. ഇറാനിലെ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പ്രതിഷേധക്കാർക്കെതിരായ സർക്കാർ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് ജനുവരി എട്ട് മുതൽ സർക്കാർ ഇന്‍റർനെറ്റ് വിഛേദിച്ചത്.
തീവ്രവാദ പ്രവർത്തനങ്ങളുടെ ഫലമായി ഇന്‍റർനെറ്റ് വിഛേദിക്കുന്നുവെന്നാണ് ഇറാൻ വിദേശകര മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. ഇപ്പോൾ മൊബൈൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതായി ഇറാൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായി ഇറാനിലെ ഷാർഗ് പത്രം റിപ്പോർട്ട് ചെയ്തു. പല ഉപയോക്താക്കൾക്കും പൂർണമായ ഇന്‍റർനെറ്റ് ആക്സസ് ലഭ്യമല്ല. മാത്രമല്ല, പരിമിതമായ സമയത്തേക്ക് ആവർത്തിച്ചുള്ള പരിശ്രമങ്ങൾക്കു ശേഷം മാത്രമേ കണക്ഷൻ ലഭ്യമാവുകയുമുള്ളൂ.
വെബ് ട്രാഫിക് നിരീക്ഷിക്കുന്ന സ്ഥാപനങ്ങൾ പറയുന്നത്, ഇന്റർനെറ്റ് അസ്ഥിരമായി ഉപയോഗിക്കുന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നാണ്. പകൽ സമയങ്ങളിൽ പ്രധാന പ്ലാറ്റ്ഫോമുകളിൽ പലതും വ്യത്യസ്ത സമയങ്ങളിൽ ബ്ലോക്ക് ചെയ്യുകയും തിരികെ നൽകുകയും ചെയ്യുന്നുണ്ട്.
ഗവൺമെന്‍റ് അംഗീകരിച്ച നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ ഇന്‍റർനെറ്റ് ആക്സിസ് ഉള്ളൂ എന്നാണ് മിയാൻ ഗ്രൂപ്പിലെ സൈബർ സുരക്ഷാ ഡയറക്ടർ അമീർ റാഷിദി പറഞ്ഞത്. മൂന്നാഴ്ചയോളം നീണ്ടു നിന്ന ഇന്‍റർനെറ്റ് ഷട്ട്ഡൗൺ കാരണം ദൈനംദിന നഷ്ടം ഏകദേശം അഞ്ച് ട്രില്യൺ ടോമൻസാണെന്ന്( ഇറാൻ കറൻസി) ഇറാൻ വാർത്താവിനിമയ മന്ത്രി സത്താർ ഹാഷെമി പറഞ്ഞു. ഇപ്പോൾ ഭാഗികമായി സർക്കാർ തിരഞ്ഞെടുത്തവർക്ക് ഇന്‍റർനെറ്റ് സൗകര്യം നിയന്ത്രണങ്ങളോടെ ലഭ്യമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

