Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന് ഇറാന്റെ ഒരാഴ്ചത്തെ ഹുർമുസ് ഓഫർ: ‘ഉപരോധവും സൈനിക നീക്കവും പിൻവലിച്ചാൽ കടലിടുക്ക് തുറക്കാം’

text_fields
bookmark_border
ട്രംപിന് ഇറാന്റെ ഒരാഴ്ചത്തെ ഹുർമുസ് ഓഫർ: ‘ഉപരോധവും സൈനിക നീക്കവും പിൻവലിച്ചാൽ കടലിടുക്ക് തുറക്കാം’
cancel

തെഹ്റാൻ: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുകയും ഹുർമുസിലെ സൈനിക നീക്കം ഒഴിവാക്കുകയും ചെയ്താൽ ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് ട്രംപിന് ഇറാന്റെ ‘ഓഫർ’. ജാപ്പനീസ് വാർത്താ ഏജൻസിയായ ക്യോഡോ, മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്ക തങ്ങളുടെ തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുകയും തന്ത്രപ്രധാനമായ നാവിക പാതയിലെ സൈനിക സമ്മർദം ഒഴിവാക്കുകയും ചെയ്താൽ ഒരാഴ്ചയ്ക്കകം കടലിടുക്ക് തുറന്നുനൽകാമെന്നാണ് ഇറാൻ സൂചന നൽകിയത്.

തങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിട്ടാൽ പുതിയ സ്ഥലങ്ങളിൽ ആക്രമണം നടത്തുമെന്നും പുതിയ ആയുധങ്ങൾ പ്രയോഗിക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഹുർമുസ് കടലിടുക്ക് സാധാരണ പോലെ ആകണമെങ്കിൽ യു.എസ് തന്നെ മുൻകൈയെടുക്കണമെന്നാണ് ഇറാന്റെ വിശദീകരണം.

യു.എസ് പിന്തുണയോടെ ഇസ്രായേൽ തുടക്കമിട്ട ഇറാനെതിരായ യുദ്ധം ഏതാണ്ട് ഏഴു മാസം പിന്നിടുകയാണ്. സാമ്പതതികമായും സൈനികമായും കടുത്ത നാശനഷ്ടങ്ങൾ നേരിട്ട യു.എസും ഇറാനും പൂർണ തോതിലുള്ള യുദ്ധത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മാസാവസാനമുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടത്തിന് ഈയിടെ അയവ് വന്നിട്ടുണ്ടെങ്കിലും, ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ഒറ്റപ്പെട്ട ആക്രമണങ്ങൾ തുടരുന്നുണ്ട്.

സമ്മർദ തന്ത്രമായി ഇറാനും യു.എസും നാവിക പാതയിൽ പരസ്പരം ഉപരോധം തുടരുകയാണ്. അതിനിടെ, ഇറാനെതിരെ അമേരിക്ക പുതിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്റെ സൈനിക സെൻട്രൽ കമാൻഡ് ശനിയാഴ്ച അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran’s 7-day Hormuz offer to Trump: Tehran says strait will reopen if US lifts
Next Story