മൊസാദ് ആസ്ഥാനം ആക്രമിച്ച് ഇറാൻ ; ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും വെടിവെച്ചിട്ടു
text_fieldsതെൽ അവീവ്: ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണം. ഇറാനിയൻ ദേശീയമാധ്യമങ്ങളാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ മൊസാദ് ആസ്ഥാനം ആക്രമിച്ചിരിക്കുന്നത്.
ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാൻ വെടിവെച്ചിട്ടു. ഇറാൻ ന്യൂസ് ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തബിരിസിൽ വെച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ അറിയിച്ചു.
നേരത്തെ ഇസ്രായേലി ആക്രമണകാരികളെ അതിന്റെ ഉത്തരവാദിത്തമേൽപ്പിക്കണമെന്നും അവരുടെ പ്രവൃത്തികളെ അപലപിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഇറാൻ അഭ്യർഥിച്ചിരുന്നു. ഇറാനെതിരായ ഇസ്രായേൽ ഭരണകൂടത്തിന്റെ ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു.
ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും യു.എൻ ചാർട്ടറിനും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണ്. യു.എൻ ചാർട്ടറിന്റെ ഏഴാം അധ്യായം അടിസ്ഥാനമാക്കി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യു.എൻ സുരക്ഷാ കൗൺസിലും ആക്രമണവും ഭീഷണിയും സമാധാന ലംഘനങ്ങളും തടയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

