Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹൃദയാഘാതം: ഇറാനിയൻ...

ഹൃദയാഘാതം: ഇറാനിയൻ നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
ഹൃദയാഘാതം: ഇറാനിയൻ നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലേക്ക് മാറ്റി
cancel
camera_alt

ചികിത്സയിൽ കഴിയുന്ന നർഗീസ് മുഹമ്മദി

തെഹ്‌റാൻ: രണ്ടാഴ്ച മുമ്പ് ജയിലിനുള്ളിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ നർഗീസ് മുഹമ്മദിയെ വിദഗ്ദ്ധ ചികിത്സക്കായി തെഹ്‌റാനിലെ ആശുപത്രിയിലേക്ക് മാറ്റി. വടക്കുപടിഞ്ഞാറൻ ഇറാനിലെ സഞ്ജാനിലെ ജയിലിൽ കഴിഞ്ഞിരുന്ന നർഗീസിനെ തെഹ്‌റാൻ പാർസ് ആശുപത്രിയിലേക്കാണ് ജയിൽ അനധികൃതർ മാറ്റിയത്. നർഗീസിന്റെ കുടുംബം നടത്തുന്ന 'നർഗീസ് മുഹമ്മദി ഫൗണ്ടേഷൻ' ആണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. നിലവിൽ സ്വന്തം മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് നർഗീസിന്റെ ചികിത്സ.

ആശുപത്രി മാറ്റത്തോടൊപ്പം, കടുത്ത ജാമ്യ വ്യവസ്ഥകളോടെ നർഗീസിന്റെ തടവുശിക്ഷ താൽക്കാലികമായി നിർത്തിവെക്കാനും ഇറാൻ അധികൃതർ അനുമതി നൽകി. എന്നാൽ ജാമ്യത്തിന്റെ കൃത്യമായ നിബന്ധനകൾ ഫൗണ്ടേഷൻ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തിന് ഒടുവിലാണ് ഈ നടപടി.

ശിക്ഷാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നാണ് നർഗീസിന്റെ കുടുംബം വ്യക്തമാക്കുന്നത്. 'ശിക്ഷ മരവിപ്പിച്ചത് മതിയാകില്ല, നർഗീസിന് സ്ഥിരവും വിദഗ്ദ്ധവുമായ പരിചരണം ആവശ്യമാണ്. അവൾ ഇനി ഒരിക്കലും ജയിലിലേക്ക് മടങ്ങുന്നില്ലെന്ന് നാം ഉറപ്പാക്കണം,' ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. സഞ്ജാനിലെ പ്രാദേശിക ആശുപത്രിയിൽ ലഭ്യമായതിനേക്കാൾ മികച്ച ചികിത്സ ഉറപ്പാക്കാനാണ് കുടുംബം നിരന്തരം ശ്രമിക്കുന്നതെന്നും ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു.

ആരാണ് നർഗീസ് മുഹമ്മദി?

ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പതിറ്റാണ്ടുകളായി പോരാടുന്ന 54കാരിയായ നർഗീസ് മുഹമ്മദി ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പോരാളികളുടെ പ്രതീകമാണ്. 14 തവണയാണ് നർഗീസിനെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തത്. അതിനിടയിൽ, 2023ൽ ജയിലിൽ കഴിയവെയാണ് നർഗീസിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തേടിയെത്തിയത്. അഭിഭാഷകൻ ഖുസ്രു അലി കുർദിയുടെ മരണത്തിൽ പരസ്യമായി പ്രതിഷേധിച്ചതിനും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചും കഴിഞ്ഞ ഫെബ്രുവരിയിൽ ഏഴര വർഷത്തെ പുതിയ തടവുശിക്ഷ കൂടി അവർക്ക് വിധിച്ചിരുന്നു.

തടവറയിൽ കഴിയുന്ന നർഗീസ്, താൻ നേരിട്ട അനുഭവങ്ങൾ വിവരിക്കുന്ന ‘എ വുമൺ നെവർ സ്റ്റോപ്‌സ് ഫൈറ്റിങ്’ എന്ന പുസ്തകം ജയിൽ വാസത്തിനിടെ രചിച്ചു. ഈ വർഷം സെപ്റ്റംബറിൽ പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങും. സഹതടവുകാരും സന്ദർശകരുമാണ് നർഗീസിന്റെ എഴുത്തുകൾ പുറത്തെത്തിച്ചത്. ഇതിനിടയിൽ പലതവണ ജയിൽ അധികൃതർ അവ കണ്ടെടുത്ത് നശിപ്പിച്ചു. നശിപ്പിച്ചതെല്ലാം നർഗീസ് പിന്നെയും എഴുതി.

ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രക്ഷോഭങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവങ്ങൾ വികാസം പ്രാപിക്കുന്നത്. ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ജനുവരിയിൽ രാജ്യം ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു. നർഗീസിനെ ഉടൻ മോചിപ്പിക്കണമെന്ന നൊബേൽ കമ്മിറ്റിയുടെ ആവശ്യം ഇതുവരെയും ഇറാൻ സർക്കാർ ചെവികൊണ്ടിട്ടില്ല. നിലവിലെ മോശമായ ആരോഗ്യസ്ഥിതിയെങ്കിലും അവരെ പൂർണ്ണമായി ജയിൽ മോചിതയാക്കാൻ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranhospitalizedNobel LaureateNarges Mohammadi
News Summary - Iranian Nobel laureate Nargis Mohammadi hospitalized
Next Story