യുറേനിയം സമ്പുഷ്ടീകരണം അഭിമാനത്തിന്റെ ഭാഗം; ഒരടി പിന്നോട്ടില്ലെന്ന് ഇറാൻ
text_fieldsതെഹ്റാൻ: യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസി അരാഗച്ചി. യു.എസ്-ഇസ്രായേൽ ആക്രമണം തങ്ങളുടെ ആണവസമ്പുഷ്ടീകരണ പദ്ധതിയിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ആണവസമ്പുഷ്ടീകരണം ഇറാന്റെ അഭിമാന പദ്ധതിയായി മാറിയെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസം യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ആണവകേന്ദ്രങ്ങൾക്ക് നാശമുണ്ടായി എന്നത് ശരിയാണ്. ഇപ്പോൾ ഞങ്ങളുടെ ശാസ്തജ്ഞർ ആണവകേന്ദ്രങ്ങൾക്ക് എത്രത്തോളം നാശമുണ്ടായെന്ന പരിശോധന നടത്തുകയാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആണവ വൈദ്യുതനിലയങ്ങൾക്ക് വേണ്ടിയുള്ള യുറേനിയം മാത്രമാണ് ഞങ്ങൾ ശേഖരിക്കുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
ആണവ പദ്ധതി പരിശോധിക്കുന്നതിനോ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുന്നതിനോ ഇറാൻ സമ്മതിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ആണവ പരിപാടി പുനരാരംഭിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇറാനിൽ നിന്ന് പരിശോധകരെ പിൻവലിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചിരുന്നു. ആണവായുധങ്ങൾ നിർമിക്കുന്നതിനായി ഇറാൻ യുറേനിയം സമ്പുഷ്ടമാക്കുകയാണെന്ന് യു.എസും ഇസ്രായേലും ആവർത്തിക്കുന്നതിനിടെയാണ് അറിയിപ്പ്. ആണവ ബോംബ് നിർമിക്കാൻ ആഗ്രഹിക്കുന്നുവെന്നതും ഇറാൻ നിഷേധിച്ചിട്ടുണ്ട്. ആണവ പദ്ധതി സിവിലിയൻ ഉപയോഗത്തിന് മാത്രമാണെന്നും ഇറാൻ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

