മിസൈൽ പരിശീലനത്തിന് അവസരമൊരുക്കരുത്; ആക്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേലിന് ഇറാന്‍റെ മുന്നറിയിപ്പ്
text_fieldsതെഹ്റാൻ: തങ്ങളെ ആക്രമിക്കാനുള്ള ഏതൊരു നീക്കത്തിനും ഇസ്രായേൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാൻ ആണവായുധ കേന്ദ്രം ആക്രമിക്കുന്നതിന് മുന്നോടിയായി യു.എസും ഇസ്രായേലും സൈനിക പരിശീലനത്തിന് ഒരുങ്ങുന്നതായ വാർത്തകൾക്കിടെയാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാന്‍റെ ആണവായുധ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയിരുന്നു.
ആക്രമണത്തിന് തുനിഞ്ഞാൽ ഇസ്രായേൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഉന്നത ഇറാനിയൻ സൈനിക വക്താവ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യഥാർഥ ലക്ഷ്യങ്ങളിലേക്ക് മിസൈൽ തൊടുത്ത് പരിശീലനം നടത്താൻ സൈന്യത്തിന് അവസരം സൃഷ്ടിക്കരുതെന്നും സൈനിക വക്താവ് വ്യക്തമാക്കി.
അമേരിക്കയുമായി ചേർന്ന് സൈനിക പരിശീലനത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സൈനികരോട് ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് പ്രതിരോധ മന്ത്രി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്തുവില കൊടുത്തും ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ അക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്റെ നീക്കം. കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയ ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്സ് ഇറാനു മേലുള്ള ഉപരോധം പിൻവലിക്കരുതെന്ന് ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
യു.എസ് അനുമതി ലഭിച്ചാൽ ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണത്തിന് സജ്ജമാണെന്നാണ് ഇസ്രായേൽ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത സൈനിക പരിശീലനത്തിനും പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്. അതേസമയം ഇസ്രായേലിനെ ലക്ഷ്യം വെച്ച് ഇറാന്‍റെ പശ്ചിമ പ്രവിശ്യയിൽ സൈനിക വിന്യാസം നടക്കുന്നതായി അമേരിക്ക ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

