ആക്രമിച്ചാൽ ഇസ്രായേലിന്‍റെ ‘രഹസ്യ ആണവ കേന്ദ്രങ്ങൾ’ തകർക്കും; മുന്നറിയിപ്പുമായി ഇറാൻ
text_fieldsതെഹ്റാൻ: തങ്ങളെ ആക്രമിച്ചാൽ ഇസ്രായേലിന്‍റെ ‘രഹസ്യ ആണവ കേന്ദ്രങ്ങൾ’ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ സുരക്ഷാകാര്യ സമിതിയായ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ (എസ്.എൻ.എസ്.സി) രംഗത്ത്. ഇസ്രായേലിലെ ആണവ കേന്ദ്രങ്ങളുടെ വിവരമടങ്ങിയ രേഖകൾ ലഭിച്ചതായി ഏതാനും ദിവസം മുമ്പ് രഹസ്യാന്യേഷണ വിഭാഗത്തിന്‍റെ ചുമതലുള്ള മന്ത്രി ഇസ്മായിൽ ഖാത്തിബ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എസ്.എൻ.എസ്.സിയുടെ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.
ഇറാന്‍റെ താൽപര്യത്തിനു വിരുദ്ധമായി ഇസ്രായേൽ സൈനിക നീക്കം നടത്തിയാൽ തിരിച്ചടിക്കാനുള്ള കേന്ദ്രങ്ങൾ മാസങ്ങൾ നീണ്ട രഹസ്യ ദൗത്യത്തിലൂടെ കണ്ടെത്തിയെന്ന് കൗൺസിൽ അവകാശപ്പെട്ടു. ഇറാന്‍റെ ആണവകേന്ദ്രങ്ങളോ സൈനിക താവളങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമാക്കി ഇസ്രായേൽ ഏതെങ്കിലും തരത്തിൽ ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും എസ്.എൻ.എസ്.സി വ്യക്തമാക്കി.
അതേസമയം ഇസ്രായേലിന്‍റെ കൈവശം ആണവായുധങ്ങളുണ്ടെന്ന് നിരവധി രാജ്യങ്ങൾ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഒരിക്കൽ പോലും അവർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാൻ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച് ഇസ്രായേലിന് സ്വന്തമായി ആണവ ഗവേഷണ സൗകര്യങ്ങളുണ്ട്. ഇതിൽ പ്രതികരിക്കാൻ ഇതുവരെ ഇസ്രായേൽ തയാറായിട്ടില്ല. ഇറാന്‍റെ ആണവ നിരായുധീകരണത്തിനായി അന്താരാഷ്ട്ര ആണവോർജ ഏജൻസി പ്രമേയം പാസാക്കിയതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.