ഗസ്സയിലെ ഇസ്രായേൽ നരനായാട്ട് മുന്നറിയിപ്പുമായി ഇറാൻ; തിരിച്ചടിനൽകാൻ പോരാളികൾ സജ്ജം -ഹുസൈൻ അമീറബ്ദുല്ലാഹിയാൻ
text_fieldsബൈറൂത്: ഗസ്സയിലെ ഇസ്രാലേിന്റെ അതിക്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. യുദ്ധക്കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്ന്
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹവും യു.എന്നും ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഉചിതമായസമയത്ത് പോരാളിസംഘങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് നിർണായകവും അധിനിവേശ ഭൂമിയുടെ ഭൂപടം മാറ്റിവരക്കുന്നതുമാവും -അദ്ദേഹം മുന്നറിയിപ്പ് നൽകി. സിറിയ, ഇറാഖ്, ലബനൻ എന്നിവിടങ്ങളിലേക്കുള്ള പര്യടനത്തിന് ശേഷം ബൈറൂതിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ ഏതു നീക്കത്തിനും തിരിച്ചടിനൽകാൻ മേഖലയിലെ പോരാളികൾ സജ്ജരാണ്. ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ലയുമായി കൂടിക്കാഴ്ച നടത്തിയതായും മേഖലയിലെ സാഹചര്യങ്ങൾ ചർച്ചചെയ്തതായും അദ്ദേഹം പറഞ്ഞു. ഹിസ്ബുല്ല പോരാട്ടത്തിൽ ചേരുകയാണെങ്കിൽ യുദ്ധം പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. ഇത് ഇസ്രായേലിനെ മഹാഭൂകമ്പം അനുഭവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സയണിസ്റ്റ് രാജ്യത്തിന്റെ ഏതൊരു ക്രിമിനൽ പ്രവൃത്തിക്കും തക്കമറുപടി നൽകാൻ പോരാളികൾ പൂർണസജ്ജരാണ്. യുദ്ധം വ്യാപിക്കുമോ പുതിയ പോർമുഖങ്ങൾ തുറക്കപ്പെടുമോ തുടങ്ങിയ കാര്യങ്ങൾ നിലവിലെ സംഭവവികാസങ്ങൾക്കനുസരിച്ച് തീരുമാനിക്കപ്പെടും. സയണിസ്റ്റ് കുറ്റകൃത്യങ്ങൾ തടയാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലബനാനിൽ ഇസ്രായേൽ പോസ്റ്റുകൾക്കുനേരെ ആക്രമണം
ലബനാൻ: ഹിസ്ബുല്ല പോരാളികൾ തെക്കൻ ലബനാനിലെ ഇസ്രായേൽ പോസ്റ്റുകൾക്കുനേരെ റോക്കറ്റാക്രമണം നടത്തി. ശനിയാഴ്ച ഉച്ച 3.15നാണ് ഷെബാ ഫാമിൽ അഞ്ച് ഇസ്രായേലി സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്. മിസൈലുകളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതേ തുടർന്ന് ഇസ്രായേൽ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ഇതിൽ രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു.
ലബനാനിൽനിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞതായി ഇസ്രായേൽ സേന അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. എന്നാൽ, ഇതിനു പിന്നിൽ ഏത് സംഘമാണെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച അതിർത്തിയിലെ നാല് ഇസ്രായേലി കേന്ദ്രങ്ങൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്രായേലും അറിയിച്ചു. ലബനാനിൽനിന്നുള്ള ഏതൊരു ആക്രമണങ്ങൾക്കും ലബനാൻ സർക്കാർ ഉത്തരവാദിയായിരിക്കുമെന്നും നുഴഞ്ഞുകയറുന്നവരെ കൊലപ്പെടുത്തുമെന്നും ഇസ്രായേൽ സൈനികവക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

