ഖാംനഈക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കും -ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്‍റ്
text_fieldsതെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്‍റെ മുന്നറിയിപ്പ്. ഖാംനഈയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ ഇറാൻ പ്രസിഡന്റ് എക്സിൽ പ്രസ്താവനയുമായി രംഗത്തെത്തുകയായിരുന്നു. നമ്മുടെ രാജ്യത്തെ മഹാനായ നേതാവിനെതിരായ ആക്രമണം ഇറാനിയൻ രാഷ്ട്രവുമായുള്ള പൂർണ തോതിലുള്ള യുദ്ധത്തിന് തുല്യമാണ് -അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ഇറാൻ ജനതയുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടെങ്കിൽ, അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ സർക്കാരും സഖ്യകക്ഷികളും നിലനിർത്തുന്ന ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനുമേൽ അമേരിക്ക കഴിഞ്ഞ ദിവസം പുതിയ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇറാൻ പ്രസിഡന്‍റിന്‍റെ പ്രസ്താവന.
ഖാംനഈയുടെ അടുത്ത അനുയായിയും ദേശീയ സുരക്ഷ കൗൺസിൽ തലവനുമായ അലി ലാരിജാനി ഉൾപ്പെടെ ഇറാന്റെ ഉന്നതതല നേതാക്കൾക്കെതിരെ യു.എസ് ട്രഷറി വകുപ്പാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ എണ്ണ വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന യു.എ.ഇയിലെ സ്ഥാപനങ്ങൾക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാനിൽ വ്യാപക സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചപ്പോൾ പിന്തുണയുമായി ട്രംപും ഇസ്രായേലും രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പ്രക്ഷോഭം തുടരാനും രാജ്യത്തെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇറാനെ ആക്രമിക്കുന്നതിൽനിന്ന് ട്രംപ് പിന്മാറുകയായിരുന്നു. തുടർന്നാണ് സാമ്പത്തിക ഉപരോധം കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. യുദ്ധഭീഷണിയിൽനിന്ന് ട്രംപ് പിൻമാറിയതിന്റെ കാരണം ഇറാന്റെ സൈനിക ശക്തിയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ടെലഗ്രാഫ്’ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

