ഇറാൻ–യു.എസ് ചർച്ച മാറ്റിവെച്ചു; ഇസ്രായേലും ഹിസ്ബുല്ലയും വീണ്ടും വെടിനിർത്തലിലേക്ക്
text_fieldsവാഷിങ്ടൺ: ജനീവയിൽ നടക്കേണ്ടിയിരുന്ന നിർണായകമായ ഇറാൻ–യു.എസ് ഉഭയകക്ഷി ചർച്ച മാറ്റിവെച്ചു. ലബനാനിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ കനത്ത പോരാട്ടം തുടരുന്ന പശ്ചാത്തലത്തിലാണ് സ്വിറ്റ്സർലൻഡിൽ നിശ്ചയിച്ചിരുന്ന ചർച്ച മാറ്റിയതെന്നാണ് സൂചന. താൽക്കാലിക സമാധാന കരാർ കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകളാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. എന്നാൽ, അമേരിക്കയുമായുള്ള പ്രാഥമിക ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചുകഴിഞ്ഞെന്നും അതിനാൽ സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ചക്ക് നിലവിൽ അടിയന്തര പ്രാധാന്യമില്ലെന്നുമാണ് ഇറാന്റെ നിലപാട്.
തെക്കൻ ലബനാനിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ 4 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 18 ലബനാൻ സ്വദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. പോരാട്ടം രൂക്ഷമായതോടെ, പശ്ചിമേഷ്യൻ സമാധാന കരാർ പാളുമെന്ന ആശങ്ക ഉയർന്നെങ്കിലും അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇസ്രായേലും ഹിസ്ബുല്ലയും വീണ്ടും വെടിനിർത്തലിന് ധാരണയായി. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 4 മണിയോടെയാണ് പുതിയ വെടിനിർത്തൽ നിലവിൽ വന്നത്. അമേരിക്കയും ഇറാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുതിയ ധാരണയെന്ന് യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം, യു.എസുമായുള്ള താൽക്കാലിക സമാധാന കരാറിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലേക്ക് വൻതോതിൽ എണ്ണക്കയറ്റുമതി പുനരാരംഭിച്ച് ഇറാൻ. മാസങ്ങളായി ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന എണ്ണ ഉപരോധം വ്യാഴാഴ്ചയോടെ അവസാനിപ്പിച്ചിരുന്നു. ഇതോടെ തടഞ്ഞുവെച്ചിരുന്ന എണ്ണക്കപ്പലുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രാവിലക്കും നീങ്ങി.
ഈ ആഴ്ച മാത്രം ഒമാൻ ഉൾക്കടലിലെ ചബഹാർ തുറമുഖത്തുനിന്ന് 2 കോടി ബാരൽ അസംസ്കൃത എണ്ണയുമായി 11 ഇന്ധനക്കപ്പലുകളാണ് യാത്ര തിരിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലേക്കാണ് ഈ എണ്ണ പ്രവഹിക്കുന്നത്. എണ്ണവിപണി സജീവമാകുന്നതോടെ ഇറാന്റെ സാമ്പത്തിക മേഖലക്ക് വലിയ ഉത്തേജനമാകും
ഇതിനിടെ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിശ്ചിത റൂട്ടുകളിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും, ഭാവിയിൽ ടോൾ ഏർപ്പെടുത്താൻ വ്യവസ്ഥയുണ്ടെന്നും പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

