ഇറാൻ-അമേരിക്ക ചർച്ച; മസ്കത്തിൽ ആകാംക്ഷയുടെ നിമിഷങ്ങൾ
text_fieldsഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദിയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ
മസ്കത്ത്: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിൽ നടന്ന പരോക്ഷ ചർച്ചകൾക്ക് വെള്ളിയാഴ്ച മധ്യസ്ഥത വഹിച്ചതോടെ മസ്കത്തിൽ ആകാംക്ഷയുടെ നിമിഷങ്ങൾ. മേഖലയിലെ സംഘർഷ സാഹചര്യവുമായി ബന്ധപ്പെട്ട് ഏറെ നിർണായകമാണ് ഇറാൻ-അമേരിക്ക ചർച്ച. വെള്ളിയാഴ്ച ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഒമാൻ വിദേശ കാര്യമന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തുന്നതിനായി വേറിട്ട വാഹനവ്യൂഹങ്ങളിലായാണ് എത്തിയത്.
യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജരെഡ് കുഷ്നർ എന്നിവർ ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദിയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള പാലസിൽ ഇറാൻ പ്രതിനിധികൾ എത്തിയതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് സ്ഥിരീകരിച്ചു.പിന്നീട് അവർ താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി. ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തിയതായി പിന്നാലെ, ഇറാൻ വാർത്താ ഏജൻസി അറിയിക്കുകയായിരുന്നു.
ഇറാൻ പ്രതിനിധികളുടെ വാഹനവ്യൂഹം മടങ്ങിയതിന് ശേഷമാണ് അമേരിക്കൻ പതാകയുള്ള എസ്.യു.വി ഉൾപ്പെടുന്ന മറ്റൊരു വാഹനവ്യൂഹം പാലസിലേക്ക് പ്രവേശിച്ചത്.യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഗസ്സയിലെ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന്റെ മരുമകൻ ജരെഡ് കുഷ്നർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചക്കുശേഷം അവർ മടങ്ങി.
ഇരുകക്ഷികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഒമാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഒമാൻ വിദേശ കാര്യ മന്ത്രി ബദർ അൽ ബുസൈദി ആദ്യം അരാഗ്ചിയുമായും പിന്നീട് സ്റ്റീവ് വിറ്റ്കോഫ്, ജാരെത് കുഷ്നറുമായും പ്രത്യേകം ചർച്ച നടത്തിയതായി മന്ത്രാലയം അറിയിച്ചു.സുസ്ഥിരതയും ദീർഘകാല സുരക്ഷയും ഉറപ്പാക്കാൻ നയതന്ത്ര -സാങ്കേതിക ചർച്ചകൾ പുനരാരംഭിക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ആലോചനകൾ കേന്ദ്രീകരിച്ചതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിൽ അഞ്ചു ഘട്ട ചർച്ചകൾ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു.
മസ്കത്തിൽ ആറാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് കഴിഞ്ഞ ജൂണിൽ ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയത്.അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയിരുന്നു.ഇതിലൂടെ യുറേനിയം ഉയർന്ന തോതിൽ സമ്പുഷ്ടീകരിക്കാൻ ഉപയോഗിച്ചിരുന്ന നിരവധി സെൻട്രിഫ്യൂജുകൾ നശിച്ചതായാണ് വിലയിരുത്തൽ.ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനവും ബാലിസ്റ്റിക് മിസൈൽ ശേഖരവും വലിയ തോതിൽ തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

