ഇറാൻ -യു.എസ് രണ്ടാംഘട്ട ചർച്ച ഇന്ന്
text_fieldsജനീവ: ഇറാൻ -അമേരിക്ക രണ്ടാംഘട്ട ആണവ ചർച്ച ചൊവ്വാഴ്ച ജനീവയിൽ നടക്കും. അതിന് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭയുടെ ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്ന ഒമാന്റെ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായും അറാഗ്ചി കൂടിക്കാഴ്ച നടത്തി.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും വ്യവസായിയുമായ ജെറാഡ് കുഷ്നർ എന്നിവരാണ് ചർച്ചയിൽ യു.എസ് സംഘത്തെ നയിക്കുന്നത്. ഉപരോധം പിൻവലിച്ചാൽ ആണവധാരണക്ക് തയാറാണെന്ന ഇറാന്റെ നിലപാടിനോട് അമേരിക്ക അനുകൂലമായി പ്രതികരിച്ചതോടെ ചർച്ചയുടെ ഫലം സംബന്ധിച്ച് പ്രതീക്ഷ ഉയർന്നിട്ടുണ്ട്. ചർച്ചകളിലൂടെയുള്ള പരിഹാരങ്ങൾക്കാണ് മുൻഗണനയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.
അതിനിടെ യുദ്ധത്തിന് മുന്നൊരുക്കം നടത്തി സമ്മർദം ചെലുത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മറ്റൊരു യുദ്ധക്കപ്പൽകൂടി പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു. പേർഷ്യൻ കടലിൽ തിങ്കളാഴ്ച നാവികാഭ്യാസം നടത്തിയാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്. ഭീഷണിയുടെ ഭാഷ വേണ്ടെന്നും നീതിയുക്തമായ ചർച്ചക്ക് എപ്പോഴും സന്നദ്ധമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

