വെടിവെച്ചിടാം, കത്തികൊണ്ട് ആക്രമിക്കാം; ട്രംപിനെ വധിക്കാൻ ഇറാൻ നീക്കമെന്ന് ഇസ്രായേൽ, സ്ഥിരീകരിക്കാതെ യു.എസ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേൽ അമേരിക്കക്ക് നിരവധി മുന്നറിയിപ്പുകൾ നൽകിയതായി റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരങ്ങൾ യു.എസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. സ്‌നൈപ്പർ ഉപയോഗിച്ചുള്ള ആക്രമണം, വലിയ പൊതുപരിപാടിക്കിടെ കത്തി ഉപയോഗിച്ച് ട്രംപിനെ ആക്രമിക്കാൻ ഒരാളെ നിയോഗിക്കൽ തുടങ്ങിയ സാധ്യതകളാണ് മുന്നറിയിപ്പുകളിൽ ഉണ്ടായിരുന്നത്.
2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് മുന്നോടിയായാണ് മുന്നറിയിപ്പുകൾ ലഭിച്ചുതുടങ്ങിയത്. പിന്നീട് ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്ക തീരുമാനിക്കുന്നതിന് മുമ്പ് ഇത് കൂടുതൽ ശക്തമായി. ചില അവസരങ്ങളിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ നേരിട്ടും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ജൂലൈയിൽ തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ലഭിച്ച മുന്നറിയിപ്പായിരുന്നു ഏറ്റവും വിശദമായത്. എയർഫോഴ്‌സ് വണ്ണിൽ യാത്ര ചെയ്യുന്നതിനിടെ ട്രംപിനെ തോളിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ ഉപയോഗിച്ച് ആക്രമിക്കാൻ ഇറാൻ ശ്രമിച്ചേക്കാമെന്നായിരുന്നു ഇസ്രായേലിന്റെ മുന്നറിയിപ്പ്.
എന്നാൽ യു.എസിനൊപ്പം തുർക്കി രഹസ്യാന്വേഷണ ഏജൻസികൾക്കും ഈ ഭീഷണി സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചില്ല. ഇക്കാര്യം തുർക്കി അധികൃതർ അമേരിക്കയെ അറിയിക്കുകയും ചെയ്തു. എങ്കിലും സുരക്ഷ മുൻനിർത്തി വൈറ്റ് ഹൗസും സീക്രട്ട് സർവീസും മുൻകരുതലുകൾ സ്വീകരിച്ചു. തുർക്കിയിൽ നിന്ന് മടങ്ങുന്നതിനിടെ ട്രംപിനെ എയർഫോഴ്‌സ് വണ്ണിൽ നിന്ന് മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതും ഇതിന്റെ ഭാഗമായിരുന്നു.
2020ലെ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യാൻ ഇറാൻ ട്രംപിനെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ ദീർഘകാല വിലയിരുത്തൽ. എന്നാൽ ഇസ്രായേൽ കൈമാറിയ ചില പ്രത്യേക ഭീഷണി വിവരങ്ങൾ സ്ഥിരീകരിക്കാൻ സി.ഐ.എക്ക് കഴിഞ്ഞില്ല. ചില സന്ദർഭങ്ങളിൽ ഇത്തരം വിവരങ്ങളെ ‘കുറഞ്ഞ ആത്മവിശ്വാസമുള്ള’വയായാണ് സി.ഐ.എ വിലയിരുത്തിയത്.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് യു.എസും ഇസ്രായേലും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇറാൻ സജീവമായി ആണവായുധം നിർമിക്കുന്നില്ലെന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ ഇറാൻ അടിയന്തര ഭീഷണിയാണെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിന് മുമ്പ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചെന്ന ഇസ്രായേൽ വിവരങ്ങളും ട്രംപ് പരിഗണിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കൻ നയത്തെ സ്വാധീനിക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിച്ചെന്ന ആരോപണം ഇസ്രായേൽ എംബസി നിഷേധിച്ചു. വൈറ്റ് ഹൗസും സി.ഐ.എയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രസിഡന്റിന്റെ സുരക്ഷക്കായി ലഭിക്കുന്ന വിവരങ്ങൾ തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്ന് സീക്രട്ട് സർവീസ് വ്യക്തമാക്കി.
ഇറാനുമായി ബന്ധപ്പെട്ട ഇസ്രായേൽ രഹസ്യാന്വേഷണ വിവരങ്ങൾ സാധാരണയായി യു.എസ് ഏജൻസികൾ മറ്റ് വിവരങ്ങളുമായി പരിശോധിച്ചാണ് വിലയിരുത്തുന്നത്. എന്നാൽ ട്രംപ് ഭരണകൂടത്തിനുള്ളിലെ രഹസ്യാന്വേഷണ ഏകോപനത്തിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുൻ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു. സി.ഐ.എയും നാഷണൽ ഇന്റലിജൻസ് കൗൺസിലും തമ്മിലുള്ള സംയുക്ത വിലയിരുത്തലുകൾ കുറഞ്ഞതും ഒ.ഡി.എൻ.ഐയിലെ ജീവനക്കാരുടെ കുറവും ഇറാനെക്കുറിച്ചുള്ള പുതിയ വിലയിരുത്തലുകൾ കുറയാൻ കാരണമായതായി അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

