Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്നുദിവസത്തെ ചടങ്ങ്,...

മൂന്നുദിവസത്തെ ചടങ്ങ്, മൂന്ന് നഗരങ്ങളിൽ വിലാപ യാത്ര; രക്തസാക്ഷിയായ ഇമാമിന്റെ അന്ത്യയാത്രക്ക് തയ്യാറെടുപ്പുമായി ഇറാൻ

text_fields
bookmark_border
മൂന്നുദിവസത്തെ ചടങ്ങ്, മൂന്ന് നഗരങ്ങളിൽ വിലാപ യാത്ര; രക്തസാക്ഷിയായ ഇമാമിന്റെ അന്ത്യയാത്രക്ക് തയ്യാറെടുപ്പുമായി ഇറാൻ
cancel

തെഹ്‌റാൻ: യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഈക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം. തലസ്ഥാനമായ തെഹ്റാനിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളും 24 മണിക്കൂർ നീളുന്ന വിലാപയാത്രയുമാണ് അധികൃതർ ക്രമീകരിക്കുന്നത്. മൂന്ന് നഗരങ്ങളിൽ വിലാപ യാത്ര സംഘടിപ്പിക്കും.

സർക്കാർ സ്ഥാപനങ്ങളുടെയും രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികളുടെയും പങ്കാളിത്തത്തോടെയാണ് തെഹ്റാനിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് തെഹ്റാൻ സാംസ്കാരിക-സാമൂഹിക കാര്യ ഡെപ്യൂട്ടി മേയർ മുഹമ്മദ് അമിൻ തവക്കോലിസാദെ പറഞ്ഞു. തെഹ്റാനിലെ മുസല്ലയോ (ഗ്രാൻഡ് പ്രയേഴ്സ് ഹാൾ) ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപകൻ ഇമാം ഖുമൈനിയുടെ ശവകുടീരമോ ആയിരിക്കും വിലാപയാത്രയുടെ പ്രധാന വേദി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും. 20 ദശലക്ഷം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദുൽഹജ്ജ മാസം അവസാനത്തിലായിരിക്കും ചടങ്ങ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തെഹ്റാനിലെ വിലാപയാത്രയ്ക്കും ചടങ്ങുകൾക്കും ശേഷം ഭൗതികശരീരം ഖോമിലേക്കും തുടർന്ന് മഷ്ഹദിലേക്കും വിലാപയാത്രയായി കൊണ്ടുപോകും. ഈ നഗരങ്ങളിലും സമാനമായ രീതിയിൽ വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിക്കും. ഉന്നത അധികാരികളുടെ തീരുമാനപ്രകാരം, വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലെ ഇമാം റിദാ പള്ളിയിലായിരിക്കും അദ്ദേഹത്തിന് അന്തിമവിശ്രമ സ്ഥലം ഒരുക്കുക.

മഷ്ഹദ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി പരിഗണിച്ചാണ് ഇവിടെ അന്ത്യവിശ്രമം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമെന്നാണ് ഇറാൻ ഭരണകൂടം കണക്കുകൂട്ടുന്നത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വലിയൊരു ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. ഖുറാസാൻ റസാവി പ്രവിശ്യയിലെ ആസ്താൻ ഖുദ്സ് റസാവി ഓർഗനൈസേഷനും ഐ.ആർ.ജി.സിയും സംയുക്തമായാണ് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.

ഷാ ഭരണകൂടത്തിനെതിരെ പോരാടി ഇറാനിയൻ ഇസ്ലാമിക വിപ്ലവത്തിലൂടെയാണ് ആയത്തുല്ല അലി ഖാംനഈ ഇറാനിൽ ശ്രദ്ധേയനാവുന്നത്. ആയത്തുല്ല ഖുമൈനിയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്ന അദ്ദേഹം, തന്റെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ഇറാനിലെ യുവാക്കളെയും സാധാരണക്കാരെയും വിപ്ലവത്തിനായി അണിനിരത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ കാലയളവിൽ ഭരണകൂടത്തിന്റെ രഹസ്യ പൊലീസായ സാവാക്കിന്റെ ക്രൂരമായ പീഡനങ്ങൾക്കും നിരവധി തവണ ജയിൽവാസങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്. കടുത്ത വിലക്കുകളും നാടുകടത്തലുകളും നേരിട്ടിട്ടും, പഹ്‌ലവി രാജവംശത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.

1979ലെ ഇസ്ലാമിക വിപ്ലവ വിജയത്തിനുശേഷം, ഇറാൻ-ഇറാഖ് യുദ്ധകാലത്ത് രാജ്യത്തിന്റെ സൈനികവും രാഷ്ട്രീയവുമായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. യുദ്ധമുഖത്ത് നേരിട്ട് സന്ദർശനം നടത്തുകയും സൈനികർക്ക് ആവേശം പകരുകയും ചെയ്ത അദ്ദേഹം, 1981ൽ നടന്ന ഒരു ബോംബ് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ വധശ്രമത്തിൽ അദ്ദേഹത്തിന്റെ വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം, പശ്ചിമേഷ്യയിൽ പാശ്ചാത്യ സാമ്രാജ്യത്വ ഇടപെടലുകൾക്കും ഇസ്രായേലിനുമെതിരെ ശക്തമായ നിലപാട് എടുത്തു. യു.എസും ഇസ്രായേലും സംയുക്തമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയെക്കുറിച്ച് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ എപിക് ഫ്യൂറി എന്ന പേരിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണം. ആക്രമണത്തിൽ ഖാംനഈയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അടക്കം 300ൽ അധികം പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranfunaral functionAyathulla Ali Khamnayi
News Summary - Iran to hold funeral ceremonies for late Supreme Leader Khamenei in 3 cities
Next Story