രണ്ടുംകൽപ്പിച്ച് ഇറാൻ; യു.എസ്, യു.കെ, ഫ്രാൻസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് പ്രഖ്യാപനം
text_fieldsതെഹ്റാൻ: ഇസ്രായേലിന് പിന്തുണ നൽകിയാൽ യു.എസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങളുടെ കപ്പലുകളും സൈനികതാവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ. മേഖലയിലുള്ള രാജ്യങ്ങളുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ്. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് ഇസ്രായേലിന് സഹായം നൽകിയാൽ ഈ രാജ്യങ്ങളുടെ മേഖലയിലെ സൈനിക കേന്ദ്രങ്ങളെ വെറുതെ വിടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. ഇറാൻ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിന് തങ്ങൾ ഒരുതരത്തിലുമുള്ള സഹായവും നൽകുന്നില്ലെന്ന് അറിയിച്ച് യു.കെ രംഗത്തെത്തി.
പ്രധാനമന്ത്രി കെയിർ സ്റ്റാർമർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ ആക്രമണത്തിന് ഇസ്രായേലിന് പിന്തുണ നൽകിയിട്ടില്ല. ഇറാന്റെ ആക്രമണം തടയുന്നതിനും ഇസ്രായേലിന് സാങ്കേതിക സഹായം നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ,നയതന്ത്രതലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ആണവകേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ആൾനാശമുണ്ടായിട്ടില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. അറ്റോമിക് എനർജി ഓർഗനൈസേഷൻ വക്താവ് ബെഹ്‌റൂസ് കമൽവണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ ആക്രമണങ്ങൾ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാതാൻസ്, ഫോർഡോ, ഇസ്ഫഹാൻ, തുടങ്ങിയ സ്ഥലങ്ങളിലൊന്നും വലിയ നാശനഷ്ടമുണ്ടാക്കാൻ ഇസ്രായേലിന് സാധിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. ആണവകേന്ദ്രങ്ങൾക്ക് ഉണ്ടായ ചെറിയ തകരാറുകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

