സമാധാന ചർച്ചകൾക്കിടെ ഹുർമുസിൽ യു.എസ് ആക്രമണം; യുദ്ധം അതിർത്തികൾ കടക്കുമെന്ന് ഇറാന്റെ കനത്ത മുന്നറിയിപ്പ്
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അമേരിക്കക്ക് കടുത്ത തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഇറാൻറെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും ബോട്ടുകൾക്കും നേരെ സ്വയംരക്ഷാർത്ഥമാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് വാദിക്കുന്നത്. എന്നാൽ അമേരിക്കൻ നീക്കത്തിന് ശക്തമായ ഭാഷയിലാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്.
തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ സമാധാനപരമായി നിലകൊള്ളുമ്പോൾ തന്നെയാണ് യു.എസ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇത്രയും സങ്കീർണ്ണമായ അന്തരീക്ഷത്തിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എണ്ണക്കപ്പലുകൾ ഉൾപ്പെടെ 25 വാണിജ്യ യുദ്ധക്കപ്പലുകൾ ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു. നിലവിൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് കഴിയുമെന്ന സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.
വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണ തോതിലുള്ള യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായെന്നും ഇറാൻ കുറ്റപ്പെടുത്തി. യു.എസും ഇസ്രായേലും വീണ്ടും ഇറാനെ ആക്രമിച്ചാൽ പ്രതികരണം ഇതിലും ശക്തമായിരിക്കുമെന്നും അത് പ്രാദേശിക അതിർത്തികൾക്ക് അപ്പുറത്തേക്ക് വ്യാപിക്കുമെന്നും ഇറാൻ സായുധ സേനാ വക്താവ് മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം ലഘൂകരിക്കുന്നതിനായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. യു.എസും ഇറാനും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ നടക്കാനിരിക്കെയാണ് ഇറാനിന് നേരെ യു.എസ് ആക്രമണം നടത്തിയത്.
ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിബന്ധനകളിലും, യു.എസ് ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചുമുള്ള വിയോജിപ്പുകളാണ് നിലവിൽ ചർച്ചകൾ സ്തംഭിക്കാൻ കാരണം. വിഷയം ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസിൽ പ്രത്യേക കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

