Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഈ യാത്രയിൽ എന്റെ കൂടെയുള്ളവർ ഇവരാണ്’; ചോരപുരണ്ട സ്കൂൾ ബാഗുകളും കുരുന്നുകളുടെ ചിത്രങ്ങളുമായി ഇറാൻ സംഘം, ലോകത്തെ കരയിച്ച് ‘മിനാബ് 168’

text_fields
bookmark_border
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി ഇറാൻ പ്രതിനിധി സംഘം പാകിസ്താനിലെത്തി
‘ഈ യാത്രയിൽ എന്റെ കൂടെയുള്ളവർ ഇവരാണ്’; ചോരപുരണ്ട സ്കൂൾ ബാഗുകളും കുരുന്നുകളുടെ ചിത്രങ്ങളുമായി ഇറാൻ സംഘം, ലോകത്തെ കരയിച്ച് ‘മിനാബ് 168’
cancel
camera_alt

ബാഗർ ഗാലിബാഫ് 

ഇസ്‌ലാമാബാദ്: അമേരിക്കയുമായുള്ള നിർണായക സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ പ്രതിനിധി സംഘം ലോകത്തിന്റെ കണ്ണ് തുറപ്പിക്കുന്ന കാഴ്ചയുമായാണ് വിമാനമിറങ്ങിയത്. യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160ലധികം സ്കൂൾ കുട്ടികളുടെ ചോരപുരണ്ട ബാഗുകളും ഷൂസുകളും അവരുടെ ചിത്രങ്ങളും ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ചാ വേദിയിലേക്ക് കരുതിയിട്ടുണ്ട്.

ഇസ്‌ലാമാബാദിലേക്കുള്ള വിമാനത്തിന്റെ മുൻനിരയിൽ കുട്ടികളുടെ ഈ ഓർമച്ചിഹ്നങ്ങൾ വെച്ചിരിക്കുന്ന ചിത്രം ഗാലിബാഫ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'മിനാബ് 168' എന്നാണ് ഈ ദൗത്യത്തിന് ഇറാൻ നൽകിയിരിക്കുന്ന പേര്. യുദ്ധത്തിന്റെ ആദ്യ ദിനം ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 കുട്ടികളുടെ സ്മരണാർത്ഥമാണിത്. ‘ഈ യാത്രയിൽ എന്റെ കൂടെയുള്ളവർ ഇവരാണ്’ എന്ന കുറിപ്പോടെയാണ് ഗാലിബാഫ് ചിത്രം പങ്കുവെച്ചത്.

2026 ഫെബ്രുവരി 28ന് ദക്ഷിണ ഇറാനിലെ മിനാബ് നഗരത്തിലുള്ള 'ശജറേ ത്വയ്യിബ' പ്രൈമറി സ്കൂളിന് നേരെയാണ് ലോകത്തെ നടുക്കിയ ആക്രമണമുണ്ടായത്. ഉച്ചസമയത്ത് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കെ നടന്ന ബോംബാക്രമണത്തിൽ 160ഓളം പെൺകുട്ടികൾ കൊല്ലപ്പെട്ടു. 110 കുട്ടികളടക്കം 170 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്കൻ നിർമിത 'ടോമാഹോക്ക്' മിസൈലുകളാണ് ഈ കൂട്ടക്കുരുതിക്ക് ഉപയോഗിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്ക നിഷേധിച്ചു. ഇറാൻ തന്നെ തൊടുത്തുവിട്ട മിസൈലുകൾ ലക്ഷ്യം തെറ്റി വീണതാകാം ഇതെന്നാണ് ഡോണാൾഡ് ട്രംപിന്റെ വാദം. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ഗാലിബാഫും ഉൾപ്പെടുന്ന 12 അംഗ സംഘത്തെ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീർ, വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ജാരെഡ് കുഷ്നർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

2011ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ വൈസ് പ്രസിഡന്റ് പാകിസ്താൻ സന്ദർശിക്കുന്നത്. ഇറാൻ മുന്നോട്ടുവെച്ച 10 ഇന വെടിനിർത്തൽ നിർദേശങ്ങളിലായിരിക്കും പ്രധാനമായും ചർച്ച നടക്കുക. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭീകരതയും പിഞ്ചുകുട്ടികളുടെ രക്തവും ചർച്ചാ മേശയിൽ സാക്ഷിയാക്കി, സമാധാനത്തിനായുള്ള അവസാന വട്ട ശ്രമത്തിലാണ് ഇരു രാജ്യങ്ങളും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran Team's Minab Companions On Flight To Pakistan
Next Story