ഗൾഫിലെ ഊർജ നിലയങ്ങൾ ലക്ഷ്യമാക്കി ഇറാൻ
text_fieldsസൗദിയിലെ റിഫൈനറിയിൽ ഡ്രോൺ പതിച്ചു
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച വൈകീട്ട് മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നടന്ന വൻതോതിലുള്ള ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. എന്നാൽ, തലസ്ഥാന നഗരിയായ റിയാദിൽ മിസൈലുകൾ തകർക്കുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് നാല് ഏഷ്യൻ വംശജരായ പ്രവാസികൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ഉണ്ടായ ഈ ആക്രമണത്തിൽ നഗരത്തിലെ കെട്ടിടങ്ങൾക്കും മറ്റും ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി തൊടുത്തുവിട്ട 10 ബാലിസ്റ്റിക് മിസൈലുകളും 22 ഡ്രോണുകളും വ്യോമസേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു.
ചെങ്കടൽ തീരത്തെ പ്രധാന എണ്ണ നഗരമായ യാംബുവിലെ സാമ്രെഫ് എണ്ണ ശുദ്ധീകരണശാലയിൽ ഒരു ഡ്രോൺ പതിച്ചതായും ഇത് സംബന്ധിച്ച നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സൗദി അരാംകോയും എക്സോൺ മൊബീലും സംയുക്തമായി നടത്തുന്ന റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിപണിയും അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ നിലവിലെ രണ്ട് പ്രധാന കവാടങ്ങളിൽ ഒന്നാണ് യാംബു തുറമുഖം. ഇവിടെയുണ്ടായ ഡ്രോൺ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
കുവൈത്തിലും ഡ്രോൺ ആക്രമണം
കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെ.എൻ.പി.സി) മിന അൽ അഹ്മദി, മിന അബ്ദുള്ള റിഫൈനറികൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. വ്യാ ഴാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണം ചെറിയ തീപിടുത്തത്തിന് കാരണമായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) അറിയിച്ചു. ഓപ്പറേറ്റിംഗ് യൂണിറ്റുകളിലാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഖത്തറിൽ വൻ ആക്രമണം
ഖത്തറിൽ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയുമായാണ് ആക്രമണം ഉണ്ടായത്. റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ പേൾ ജി.ടി.എൽ പ്ലാന്റിനും വിവിധ എൽ.എൻ.ജി സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തങ്ങൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാത്രി റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബുധനാഴ്ച രണ്ട് തവണയായി ഏഴ് ബൈലിസ്റ്റിക് മിസൈൽ ആക്രമണങ്ങളാണുണ്ടായത്. കഴിഞ്ഞ ആഴ്ച ഖത്തർ എനർജിയുടെ റാസ് ലഫാനിലെ ഊർജ കേന്ദ്രത്തതിലും മീസൈദ് പവർ പ്ലാന്റിലെ വാട്ടർ ടാങ്കും ലക്ഷ്യമിട്ട് ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഖത്തർ എനർജി എൽ.എൻ.ജിയും അനുബന്ധ ഉൽപന്നങ്ങളുടെയും ഉൽപാദനം നിർത്തിവെച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഊർജകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ഖത്തറിലെ ഇറാൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി. എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരും മറ്റ് ജീവനക്കാരും 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടത്. ഇറാൻ എംബസി ഉദ്യോഗസ്ഥരെ അഭികാമ്യമില്ലാത്ത വ്യക്തികളായും (പേഴ്സണ നോൺ ഗ്രാറ്റ) പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ ഇബ്രാഹിം യൂസിഫ് ഫഖ്റുവും ഇറാൻ അംബാസഡർ അലി സലേഹബാദിയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് എംബസി ഉദ്യോഗസ്ഥരെ പുറത്താക്കിയുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത്.
പ്രതിരോധം തുടർന്ന് യു.എ.ഇ
യു.എ.ഇയിലേക്ക് ഇന്നലെയും ഇറാൻ ആക്രമണം തുടർന്നു. ഏഴ് ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും തടഞ്ഞെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വലിയ അപകടങ്ങളൊന്നും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണം ആരംഭിച്ച ശേഷം ഇതിനകം 334 ബാലിസ്റ്റിക് മിസൈലുകളും 15ക്രൂസ് മിസൈലുകളു 1714ഡ്രോണുകളുമാണ് വ്യോമപ്രതിരോധ സംവിധാനം തടഞ്ഞിട്ടുള്ളത്. രണ്ട് സൈനികരടക്കം എട്ടുപേരാണ് രാജ്യത്ത് മരിച്ചത്. അതേസമയം പരിക്കേറ്റവരുടെ ആകെ എണ്ണം 158ആയിട്ടുണ്ട്. ഇവരിൽ ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാർ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

