കടുത്ത നിലപാടുമായി ഇറാന്: അമേരിക്കയോട് "നോ' പറയാന് കഴിയും -വിദേശ മന്ത്രി അബ്ബാസ് അറഗ്ചി
text_fieldsദുബൈ: അമേരിക്ക-ഇറാൻ ആണവ ചർച്ചക്ക് പിന്നാലെ കടുത്ത നിലപാടുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി.
തെഹ്റാനിൽ നടന്ന നയതന്ത്ര ഉച്ചകോടിയിൽ സംസാരിക്കവെ, യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശത്തിൽനിന്ന് രാജ്യം പിന്നോട്ടില്ലെന്ന് അറഗ്ചി സൂചിപ്പിച്ചു. മറ്റുള്ളവരുടെ അധിനിവേശത്തിനും സമ്മർദങ്ങൾക്കും മുന്നിൽ പതറാതെ നിൽക്കാനുള്ള കഴിവിലാണ് ഇറാന്റെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. അവർ തങ്ങളുടെ ആണവായുധത്തെ ഭയപ്പെടുന്നു. എന്നാൽ, ആണവായുധം നിർമിക്കാനുള്ള പദ്ധതി തങ്ങൾക്കില്ല. വൻശക്തികളോട് ‘നോ’ എന്ന് പറയാനുള്ള ആർജവമാണ് ഇറാന്റെ ആണവായുധമെന്നും അറഗ്ചി വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായി ഒമാനിൽ നടന്ന ചർച്ചകളെ പ്രസിഡന്റ് ഇറാൻ മസ്ഊദ് പെസശ്കിയാൻ ‘മുന്നോട്ടുള്ള ചുവടുവെപ്പ്’ എന്നാണ് വിശേഷിപ്പിച്ചത്. അയൽരാജ്യങ്ങളുടെ സഹായത്തോടെ നടന്ന ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സമാധാനപരമായ പരിഹാരത്തിന് ചർച്ചകളാണ് ഇറാന്റെ നയമെന്നും എന്നാൽ ഭീഷണിയുടെ ഭാഷ രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ചർച്ചകൾക്ക് പിന്നാലെ ‘ഇറാൻ ഒരു കരാറിനായി അതിയായി ആഗ്രഹിക്കുന്നു’ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാനുമേൽ സമ്മർദം ചെലുത്താൻ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെയുള്ള യുദ്ധസന്നാഹങ്ങൾ അമേരിക്ക പശ്ചിമേഷ്യയിൽ ഇതിനകം വിന്യസിച്ചിട്ടുണ്ട്. സൈനിക സാന്നിധ്യം ശക്തമാക്കി ഇറാനെ സമ്മർദത്തിലാക്കാനാണ് അമേരിക്കയുടെ നീക്കമെന്നും കഴിഞ്ഞ വർഷം ചർച്ചകൾക്കിടയിലും അമേരിക്ക ആക്രമണം നടത്തിയിട്ടുണ്ടെന്നും അതിനാൽ വിട്ടുവീഴ്ച ചെയ്യുന്നത് അപകടമാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

