‘ഇറാനെ വീണ്ടും ആക്രമിച്ചാൽ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കും’; യു.എസിന് മുജ്തബ ഖാംനഈയുടെ മുന്നറിയിപ്പ്
text_fieldsതെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരായ ആക്രമണങ്ങൾ വീണ്ടും ആവർത്തിച്ചാൽ സംഘർഷം കൂടുതൽ വിപുലമായ തലങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കീഴടങ്ങാനുള്ള നേരിയ സൂചന പോലും അമേരിക്കയെ കൂടുതൽ അതിക്രമങ്ങൾക്കും യുദ്ധങ്ങൾക്കും പ്രേരിപ്പിക്കുമെന്നും അത്തരമൊരു നിലപാട് ശത്രുവിന്റെ ധിക്കാരം വർധിപ്പിക്കാനേ സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ സംവിധാനമായ ഐ.ആർ.ഐ.ബി പുറത്തുവിട്ട പ്രസ്താവനയിലാണ് ഖാംനഈയുടെ പ്രതികരണം.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമുള്ള ഖാംനഈയുടെ ആദ്യ പ്രതികരണമാണിത്. തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം നഷ്ടമായിരുന്നു. ഇരുസഭകളിലും ഡെമോക്രാറ്റുകളാണ് ഭൂരിപക്ഷം നേടിയത്.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരായ സൈനികാക്രമണങ്ങൾ പുനരാരംഭിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും, തെരഞ്ഞെടുപ്പിന് ശേഷം സൈനിക നടപടി വീണ്ടും ശക്തമാക്കാനുള്ള സാധ്യത തള്ളിയിരുന്നില്ല. ഇറാനുമായി ധാരണയിലെത്താനായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കാമെന്നായിരുന്നു ട്രംപിന്റെ നിലപാട്.
എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ യുദ്ധത്തോടുള്ള അതൃപ്തിയും യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളുമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് കാരണമായതെന്ന് സർവേ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധച്ചെലവും ഇന്ധനവിലയിലെ വർധനയും ഉൾപ്പെടെയുള്ള വിഷയങ്ങൾ അമേരിക്കൻ വോട്ടർമാരുടെ പ്രധാന ആശങ്കകളായി മാറിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് കാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുറന്നുപറഞ്ഞിരുന്നു.
അതിനിടെ, അമേരിക്കൻ ജനത യുദ്ധത്തിനെതിരെ വിധിയെഴുതിയെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചത്. “മനഃസാക്ഷിയുടെ പേരിലായാലും ജീവിതച്ചെലവിന്റെ പേരിലായാലും അമേരിക്കക്കാർ യുദ്ധത്തോട് ‘നോ’ പറഞ്ഞു. ഈ സന്ദേശത്തെ ഞങ്ങൾ പിന്തുണക്കുന്നു” ഖാലിബാഫ് എക്സിൽ കുറിച്ചു. ജനങ്ങളുടെ അഭിപ്രായം അവഗണിച്ച് ഇറാനെതിരെ വീണ്ടും ആക്രമണം നടത്തരുതെന്നും അദ്ദേഹം അമേരിക്കൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി അവസാനത്തിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഇതിനിടെ നയതന്ത്ര ചർച്ചകളിലൂടെ ഒരു ധാരണയിലെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

