ഹുർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ; യുറേനിയം കൈമാറില്ലെന്നും കർശന നിലപാട്
text_fieldsതെഹ്‌റാൻ: അമേരിക്കയുമായുള്ള ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ വ്യക്തമാക്കി ഇറാൻ. ആണവ പദ്ധതിയും ഹുർമുസ് കടലിടുക്കിന്റെ പരമാധികാരവും സംബന്ധിച്ച് വ്യക്തമായ അതിർ വരമ്പ് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി ചർച്ചാവിഷയമേ അല്ലെന്ന് തെഹ്‌റാൻ വ്യക്തമാക്കി. നിലവിൽ തങ്ങളുടെ പക്കലുള്ള ഉന്നത നിലവാരത്തിലുള്ള യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് കൈമാറില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. തുടക്കം മുതലേ സമാധാന ചർച്ചകളിലെ ഏറ്റവും വലിയ തർക്കവിഷയമായിരുന്നു ഇത്.
ഇതോടൊപ്പം തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ പരമാധികാരം സംബന്ധിച്ചും ഇറാൻ നിലപാട് കടുപ്പിച്ചിട്ടുണ്ട്. നിലവിൽ കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ കപ്പലിനും ഇറാൻ പുതിയ പ്രോട്ടോക്കോളും നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള യാത്രക്ക് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (IRGC) നേവിയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. കൂടാതെ കപ്പലുകൾ കടന്നുപോകുന്നതിന് ഐ.ആർ.ജി.സി നേവിക്ക് നിശ്ചിത തുക ഫീസായി നൽകണമെന്ന കർശന നിർദേശവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലവിലുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിനും ഇറാനിലെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചർച്ചകൾക്ക് തുടക്കമിടുന്നതിനും ഇറാനുമായി ധാരണപത്രത്തിൽ ഒപ്പിടാൻ വൈറ്റ് ഹൗസ് തയാറെടുക്കുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുപക്ഷവും ഒരു കരാറിലേക്ക് ഇത്രയടുത്തെത്തുന്നത് ഇതാദ്യമായാണ്.
റിപ്പോർട്ടുകൾ പ്രകാരം, ധാരണ പത്രത്തിലെ വ്യവസ്ഥകൾ ഇവയാണ്: ആണവ സമ്പുഷ്ടീകരണം ഇറാൻ അവസാനിപ്പിക്കണം; പകരം, യു.എസ് ഉപരോധം അവസാനിപ്പിക്കുകയും മരവിപ്പിച്ച ഇറാനിയൻ ഫണ്ട് വിട്ടുനൽകുകയും ചെയ്യും. ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ഇരുരാജ്യങ്ങളും നീക്കും. നിലവിൽ ഇരു രാജ്യങ്ങൾ തമ്മിൽ വെടിനിർത്തലിന് ഏകദേശ ധാരണയായിട്ടുണ്ട്. അവ നടപ്പാക്കാൻ ഇറാൻ തയാറായാൽ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ട്രംപിന്റെ വാഗ്ദാനം. എന്നാൽ, വ്യവസ്ഥ പാലിച്ചില്ലെങ്കിൽ ബോംബാക്രമണം ആരംഭിക്കുമെന്നും നേരത്തേയുണ്ടായിരുന്നതിനേക്കാൾ തീവ്രതയിൽ യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

