ആണവ പദ്ധതികൾ സമാധാനപരം; ആക്രമണം നിർത്താതെ ഒരു ചർച്ചയുമില്ലെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഇറാൻ്റെ ആണവ പദ്ധതികൾ സമാധാനപരമായാണെന്നും ഇസ്രയേൽ ആക്രമണം നിർത്താതെ ഒരു വിധ ആണവ ചർച്ചക്കും ഇല്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ജനീവയിൽ യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായി നടന്ന യോഗത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ-ഇസ്രയേൽ സംഘർഷം അതീവ രൂക്ഷമായി ഒൻപതാം ദിവസത്തിലേയ്ക്ക് കടക്കുന്നതിനിടെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. അവസാന ആക്രമണത്തിൽ ഇറാനിൽ 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 30ലേറെ ആയുധങ്ങൾ പ്രയോഗിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരടക്കം 660 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇറാനിലെ നജഫബാദ് നഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഇറാനിലെ ക്വോമിൽ ആൾത്താമസമുള്ള കെട്ടിടത്തിൽ ഇസ്രായേലിൻ്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൻ്റെ 17-ാം തരംഗമാണ് ഏറ്റവും ഒടുവിൽ നടന്നതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇസ്രയേലിലെ പ്രധാനനഗരങ്ങളായ ഹൈഫ, ടെൽഅവീവ്, ബീർഷേബ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ആക്രമണങ്ങളിൽ 17ഓളം പേർക്ക് പരിക്ക് പറ്റിയതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നു.
എന്നാൽ ഇറാൻ അഞ്ച് മിസൈലുകൾ തൊടുത്തതായും ഒരെണ്ണം പോലും ഇസ്രായേലിൽ പതിച്ചിട്ടില്ലെന്നും ഇസ്രയേൽ ഔദ്യോഗിക മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഇസ്രയേലിൽ ഇറാൻ സാൽവോ മിസൈലുകൾ ആക്രമണത്തിന് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. തെൽ അവീവിലെ ഹോലോണിൽ ഇറാൻ ആക്രമണത്തിൽ ഒരു കെട്ടിടത്തിന് തീപിടിച്ചതായി റിപ്പോർട്ടുണ്ട്. ഈ കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതാണോ അതോ മിസൈൽ അവശിഷ്ടം അപകടമുണ്ടാക്കിയതാണോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും ഒടുവിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്ക് പറ്റിയതായി റിപ്പോർട്ട് ഇല്ലെന്നാണ് ഇസ്രയേലിൻ്റെ അടിയന്തര സേവന വിഭാഗം പറയുന്നത്. മധ്യ ഇസ്രയേലിലെ ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് തീപിടിച്ചതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അടിന്തര സേവന വിഭാഗം പറയുന്നത്. അതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ്റെ നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം ആണവ-രാസ മലിനീകരണത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

