"ശത്രുക്കളല്ലാത്തവരുടെ കപ്പലുകൾക്ക് ഹുർമുസ് കടക്കാം"; ഇസ്രായേലിനും അമേരിക്കയ്ക്കും അനുമതി നൽകാതെ ഇറാൻ
text_fieldsതെഹ്റാൻ: 'ശത്രുതാപരമായ നിലപാടില്ലാത്ത' കപ്പലുകളെ ഹുർമുസ് കടലിടുക്കിലൂടെ പോകാൻ അനുവദിക്കുമെന്ന് ഇറാൻ. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനോടൊപ്പം ഞങ്ങളുടെ അധികൃതരുമായി സഹകരിക്കുന്ന കപ്പലുകൾക്ക് മാത്രമേ അനുമതി നൽകാനാകൂ എന്ന് രാജ്യാന്തര സമുദ്ര സംഘടനയായ ഐ.എം.ഒ നൽകിയ പ്രസ്താവനയിലൂടെയാണ് ഇറാൻ വ്യക്തമാക്കിയത്.
അതേസമയം, യുദ്ധം പ്രഖ്യാപിച്ച 'അക്രമി' രാജ്യങ്ങളായ അമേരിക്കയ്ക്കും ഇസ്രായേലിനും അവരെ പിന്തുണയ്ക്കുന്നവർക്കും ആ അവകാശം നൽകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അയച്ച കുറിപ്പിൽ പറയുന്നു.
"ഇറാനെതിരെയുള്ള സംഘർഷത്തിൽ പങ്കാളികളല്ലാത്ത രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി ഹുർമുസ് കടന്നുപോകാം. സുരക്ഷ നിയമങ്ങളും അധികൃതരുമായുള്ള ഏകോപനവും നിർബന്ധമാണ്. മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നതും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്നതും ഇസ്രായേലും അമേരിക്കയുമാണ്. സമുദ്രപാതയിലുണ്ടാകുന്ന ഏതൊരു തടസ്സത്തിനും പ്രത്യാഘാതങ്ങൾക്കും ഈ രാജ്യങ്ങൾ മാത്രമായിരിക്കും ഉത്തരവാദികൾ" ഇറാൻ വ്യക്തമാക്കി.
ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇന്ധന ഗതാഗതത്തിന്റെ തന്ത്രപ്രധാനമായ ഈ പാത ഭാഗികമായി അടച്ചിട്ടതോടെ ആഗോള വിപണിയിൽ എണ്ണ, പ്രകൃതിവാതക വില കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി ഇറാൻ ഐ.എം.ഒയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

