Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരാഗ്ചി ഇസ്ലാമാബാദിൽ; അമേരിക്കയുമായി നേരിട്ട് കൂടിക്കാഴ്ചക്കില്ലെന്ന് ഇറാൻ, ചർച്ചകൾ മധ്യസ്ഥർ വഴി മാത്രം

text_fields
bookmark_border
അരാഗ്ചി ഇസ്ലാമാബാദിൽ; അമേരിക്കയുമായി നേരിട്ട് കൂടിക്കാഴ്ചക്കില്ലെന്ന് ഇറാൻ, ചർച്ചകൾ മധ്യസ്ഥർ വഴി മാത്രം
cancel

ഇസ്ലാമാബാദ്: അമേരിക്കൻ പ്രതിനിധികൾ ചർച്ചകൾക്കായി പാകിസ്താനിലേക്ക് എത്തുമ്പോഴും, അവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ തങ്ങളുടെ നിലപാടുകൾ പാകിസ്താൻ മുഖേന മാത്രമേ അമേരിക്കയെ അറിയിക്കുകയുള്ളൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായും കരസേനാ മേധാവി ജനറൽ സയ്യിദ് ആസിം മുനീറുമായും കൂടിക്കാഴ്ച നടത്തി. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഇറാൻ സ്വാഗതം ചെയ്തു.

എന്നാൽ അമേരിക്കയുമായി നേരിട്ട് ചർച്ചയില്ലെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായ് എക്സിലൂടെ വ്യക്തമാക്കി. അമേരിക്കയുമായി യാതൊരുവിധ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിലവിൽ ഇസ്ലാമാബാദിലെത്തിയത്. നേരിട്ടുള്ള ചർച്ചക്ക് ഇറാൻ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നീം തള്ളി.

അതേസമയം ഇറാനിൽ നിന്നുള്ള പ്രതികരണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇറാൻ ഒരു വാഗ്ദാനം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചു വരികയാണെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇറാന്റെ ഔദ്യോഗിക നേതൃത്വവുമായി തങ്ങൾ ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അയൽരാജ്യങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിൽ അമേരിക്ക അടിച്ചേൽപ്പിച്ച യുദ്ധം അവസാനിപ്പിക്കുക എന്നതാണ് നിലവിലെ നയതന്ത്ര നീക്കങ്ങളുടെ പ്രധാന ലക്ഷ്യം. നയതന്ത്ര തലത്തിൽ ചർച്ചകൾ മുറുകുമ്പോഴും ഇറാന്റെയും അമേരിക്കയുടെയും പ്രസ്താവനകളിലെ വൈരുദ്ധ്യം സമാധാന ശ്രമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ചർച്ചകൾക്കായി ഇസ്ലാമാബാദിലെത്തുന്നുണ്ട്. ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ പാകിസ്താനിലേക്ക് അയക്കാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran rules out direct talks with US in Islamabad; asserts engagement through Pakistan
Next Story