ഇറാൻ തിരിച്ചടിക്കുന്നു; 100 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്
text_fieldsഇസ്രായേലിലേക്ക് ഇറാൻ തൊടുത്തു വിട്ട ഡ്രോണുകളിലൊന്ന് (ടൈംസ് ഓഫ് ഇസ്രായേൽ പുറത്തുവിട്ട ചിത്രം)
തെഹ്‌റാന്‍: ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനെതിരെ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ ഇറാൻ തിരിച്ചടി തുടങ്ങിയതായി റിപ്പോർട്ട്. ഇസ്രായേലിനെതിരെ ഉറപ്പായും തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി മണിക്കൂറുകൾക്കകമാണ് ആക്രമണം. 100 ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായേലിൽ ആക്രമണം നടത്തിയതായി ‘ഗാർഡിയൻ’ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ഇസ്രായേലിന് നേരെ ഇറാൻ നൂറിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണം തടയാൻ ഇസ്രായേൽ സൈന്യം നടപടികൾ സ്വീകരിച്ചതായി ഇസ്രായേലി പ്രതിരോധ സേന വൃത്തങ്ങൾ അറിയിച്ചു.
ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞിരുന്നു. ഇറാൻ സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് ആയത്തുല്ല അലി ഖാംനഈയുടെ പ്രസ്താവന പുറത്തുവിട്ടത്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ആയിരുന്നു തെഹ്റാനിൽ ഇസ്രായേലിന്റെ വ്യോമാക്രണം. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈനിക വക്താവ് അബൊള്‍ഫാസല്‍ ഷെകാര്‍ചി മുന്നറിയിപ്പ് നല്‍കി. ഇറാനും കടുത്ത സൈനിക നടപടിക്ക് തുനിയുന്നതോടെ മിഡീല്‍ ഈസ്റ്റ് വീണ്ടും കടുത്ത യുദ്ധഭീതിയിലായിട്ടുണ്ട്.
‘ഓപറേഷൻ റൈസിങ് ലയൺ’ എന്ന പേര് നൽകിയാണ് ഇറാനിലേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഈ നടപടിയിൽ യു.എസ് സഹായമോ പങ്കാളിത്തമോ ഇല്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ, യുദ്ധ സാഹചര്യം വലിയിരുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മന്ത്രിസഭാ യോഗം വിളിക്കുമെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

