ട്രംപിന്റെ നയങ്ങൾ തള്ളിക്കളയുക; ഇടക്കാല തെരഞ്ഞെടുപ്പിൽ യു.എസ് വോട്ടർമാർക്ക് തുറന്ന കത്തുമായി ഐ.ആർ.ജി.സി
text_fieldsതെഹ്റാൻ: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, യു.എസ് വോട്ടർമാരോട് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ തിരിയാൻ ആഹ്വാനം ചെയ്ത് ഇറാൻ റവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.സി). നവംബർ 3-ന് നടക്കാനിരിക്കുന്ന ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ ഭരണകൂടത്തെയും കോൺഗ്രസിലെ സഖ്യകക്ഷികളെയും പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഐ.ആർ.ജി.സി അമേരിക്കൻ ജനതക്ക് തുറന്ന കത്ത് അയച്ചത്. വാഷിങ്ടണിന്റെ ഇറാൻ വിരുദ്ധ യുദ്ധം പരാജയപ്പെട്ടുവെന്ന് അവകാശപ്പെടുന്ന 25 പേജുള്ള കത്താണ് പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കൻ ജനതയെയും അവിടുത്തെ ഭരണകൂടത്തെയും വേർതിരിച്ചു കണ്ടുകൊണ്ടാണ് ഐ.ആർ.ജി.സി ഈ കത്ത് തയാറാക്കിയിരിക്കുന്നത്. സാധാരണക്കാരായ അമേരിക്കക്കാരും ഇറാനും തമ്മിൽ സമാനമായ താൽപര്യങ്ങളാണുള്ളതെന്നും, ചെലവേറിയ യുദ്ധങ്ങൾ നടത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ഇരകളാണ് ഇരുവരുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. വിദേശ സൈനിക ഇടപെടലുകളെയും ഇസ്രായേലിനുള്ള യു.എസ് പിന്തുണയെയും എതിർക്കാൻ അമേരിക്കൻ വോട്ടർമാർ തയാറാകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. നയങ്ങളിൽ മാറ്റം വരുത്തിയാൽ വാഷിങ്ടണും തെഹ്‌റാനും തമ്മിൽ സമാധാനപരമായ സഹവർത്തിത്വം സാധ്യമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ സമയം അമേരിക്കൻ രാഷ്ട്രീയ സംവിധാനം ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് ഐ.ആർ.ജി.സി വക്താവ് ജനറൽ ഹുസൈൻ മുഹയ്ബ്ബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എസ് ഭരണകൂടത്തിന്റെ നിലപാടുകളിൽ പെട്ടെന്ന് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, തങ്ങളുടെ സന്ദേശം അമേരിക്കൻ വോട്ടർമാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധങ്ങൾ നിർമിക്കാൻ ഇറാൻ ശ്രമിക്കുന്നില്ലെന്നും, ഈ വിഷയം മുന്നിൽ നിർത്തി അമേരിക്ക അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും കത്ത് കുറ്റപ്പെടുത്തി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ലക്ഷ്യങ്ങൾ ഈ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നും, മേഖലയിലെ യു.എസ് താവളങ്ങൾക്ക് വലിയ നഷ്ടം വരുത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഐ.ആർ.ജി.സി അവകാശപ്പെട്ടു. അതേസമയം, ഇറാനിലെ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായി തുടരുകയാണ്. യുദ്ധം ആരംഭിച്ചതു മുതൽ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. അമേരിക്കൻ ജനതയെ നേരിട്ട് സ്വാധീനിക്കുന്നതിലൂടെ നിലവിലെ യുദ്ധ സാഹചര്യത്തിന് മാറ്റം വരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തെഹ്‌റാൻ ഇപ്പോൾ ഈ നീക്കം നടത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

