‘കോളിൻ പവലിന്റെ കുപ്രസിദ്ധ യു.എൻ പ്രസംഗം ലോകം മറന്നിട്ടില്ല’ ; ട്രംപിന്റെ ജൈവായുധ ആരോപണത്തിന് ഇറാന്റെ ചുട്ട മറുപടി
text_fieldsഇസ്മാഈൽ ബഗാഈ
തെഹ്റാൻ: ഇറാൻ ജൈവായുധങ്ങളും രാസായുധങ്ങളും വികസിപ്പിക്കുന്നുവെന്ന അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ. യാതൊരു തെളിവുമില്ലാതെ ഇത്തരം ആരോപണങ്ങൾ വഴി ഇറാനെതിരെ കൂടുതൽ നടപടികൾക്ക് വഴിയൊരുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗാഈ കുറ്റപ്പെടുത്തി. 2003ൽ ഇറാഖിനെതിരെ അമേരിക്ക ഉന്നയിച്ച സമാനമായ ആയുധ ആരോപണങ്ങളും തുടർന്നുണ്ടായ യുദ്ധവും ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2003ൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് മുന്നിൽ കോളിൻ പവൽ നടത്തിയ കുപ്രസിദ്ധമായ പ്രസംഗം ലോകം മറന്നുപോകുമെന്ന് അമേരിക്ക ശരിക്കും പ്രതീക്ഷിക്കുന്നുണ്ടോയെന്ന് ബഗാഈ ചോദിച്ചു. ഇറാഖിന്റെ പക്കലുള്ള കൂട്ടനശീകരണ ആയുധങ്ങൾ ഉയർത്തുന്ന ഭീഷണിയുടെ തെളിവായി ഒരു ചെറിയ കുപ്പി ഉയർത്തിക്കാട്ടിയിരുന്നു കോളിൻ പവൽ പ്രസംഗിച്ചത്.
ഇറാന്റെ ആണവപദ്ധതിക്ക് തിരിച്ചടി നേരിട്ടതോടെ രാജ്യം ജൈവ-രാസായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആരോപണം. എന്നാൽ, ഈ വാദത്തെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ ശക്തമായി തള്ളി ഇറാൻ രംഗത്തെത്തിയത്.
അമേരിക്കയുടെ വാദങ്ങൾ ഓരോ ഘട്ടത്തിലും മാറുന്നുണ്ടെങ്കിലും ഇറാനെതിരെ നടപടിയെടുക്കാൻ കളമൊരുക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗാഈ കുറ്റപ്പെടുത്തി. തെളിവുകളില്ലാത്ത പുതിയ ആരോപണങ്ങൾ വിശ്വസിക്കാനാവില്ല. 2003ലെ ഇറാഖ് അധിനിവേശത്തിന് മുമ്പും സമാനമായ ആയുധ ആരോപണങ്ങളാണ് അമേരിക്ക ഉന്നയിച്ചത്. ഇറാഖിൽ വൻതോതിൽ നശീകരണായുധങ്ങളുണ്ടെന്ന് വാദിച്ചെങ്കിലും പിന്നീട് അവിടെ ഒന്നും കണ്ടെത്താനായില്ലെന്നും ബഗാഈ ഓർമിപ്പിച്ചു.
അന്നത്തെ ആരോപണങ്ങൾ ഇറാഖ് യുദ്ധത്തിലേക്കും പശ്ചിമേഷ്യയിലാകെ ദുരിതങ്ങളിലേക്കുമാണ് നയിച്ചതെന്ന് ബഗാഈ ഓർമിപ്പിച്ചു. ഇറാനെതിരായ പുതിയ ആരോപണങ്ങൾ സംഘർഷം രൂക്ഷമാക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സമാധാന അന്തരീക്ഷം അകന്നുപോകുന്ന അവസ്ഥയാണുള്ളത്.

